ഒഴുക്കിൽപ്പെട്ട അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി; അപകടം ഗംഗയിൽ കുളിക്കുന്നതിനിടെ
ഒൻപത് വയസുള്ള സഹോദരൻ വെള്ളത്തിൽ മുങ്ങിപ്പോകുന്നത് കണ്ട്, പതിനഞ്ചും പതിമൂന്നും വയസുള്ള സഹോദരിമാർ നദിയിലേക്ക് ചാടുകയായിരുന്നു.
ഡെറാഡൂൺ: ശക്തമായ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി. ഉത്തരാഖണ്ഡിൽ ഗംഗാ നദിയിൽ കുളിക്കുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച രാവിലെ 11.30ഓടെ ഗീതാ കുടിർ ഘട്ടിലാണ് അപകടം സംഭവിച്ചത്.
ഒരു സ്ത്രീയും രണ്ട് കുടുംബങ്ങളിൽ നിന്നുള്ള അഞ്ച് കുട്ടികളും ഗംഗാ നദിയിൽ കുളിക്കുകയായിരുന്നു. ഇതിനിടെയാണ് ഒൻപത് വയസുകാരൻ സൂരജ് ശക്തമായ ഒഴുക്കിൽപ്പെട്ട് നദിയിൽ മുങ്ങിയത്. ഉടനെ തന്നെ സൂരജിന്റെ സഹോദരിമാരായ സാക്ഷി (15), വൈഷ്ണവി (13) എന്നിവർ രക്ഷിക്കാനായി വെള്ളിത്തിലേക്ക് ചാടി. രണ്ട് പേരും ചേർന്ന് സൂരജിനെ രക്ഷപ്പെടുത്തി നദിയുടെ തീരത്തേക്ക് തള്ളി മാറ്റിയെങ്കിലും ഒഴുക്കിൽപ്പെട്ട് സാക്ഷിയും വൈഷ്ണവിയും മുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരം അറിയിച്ചു. തുടർന്നാണ് നദിയിൽ തെരച്ചിൽ ആരംഭിക്കാൻ സാധിച്ചത്. രണ്ട് പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം