കോഴിക്കോട് റോഡിൽ വണ്ടി തട്ടിയതിന് പരാതി പറയാൻ സ്റ്റേഷനിലെത്തിയപ്പോൾ ക്രൂര മർദനം; രണ്ട് പൊലീസുകാർക്കെതിരെ നടപടി

യുവാക്കളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയ ശേഷം സ്റ്റേഷനുള്ളിൽ കയറ്റി ക്രൂരമായി മർദിച്ചുവെന്നായിരുന്നു പരാതി.

policemen brutally beat brother who approached them to report a minor road accident in kozhikode

കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരന്മാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നപടി. പന്നിയങ്കര എസ്.ഐ, സ്റ്റേഷന്‍ ജി.ഡി ചാര്‍ജ് എന്നിവരെ തീവ്ര പരിശീലനത്തിനായി കോഴിക്കോട് ഡിഎച്ച്ക്യു സെന്‍ററിലേക്ക് മാറ്റി. അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.എം സിദീഖിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ഏഴാം തീയതിയാണ് വേങ്ങേരി സ്വദേശികളായ കെ.പി സെയ്ത് മുഹമ്മദ് മുസ്തഫ, കെ.പി മുഹമ്മദ് മുനീഫ് എന്നിവര്‍ക്ക് പന്നിയങ്ക പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ കല്ലായിക്ക് സമീപം ഒരു സ്കൂട്ടറുമായി തട്ടിയതിനെ തുടര്‍ന്ന് പരാതി പറയാന്‍ എത്തിയപ്പോഴായിരുന്നു അതിക്രമം.

പന്നിയങ്കര സബ് ഇന്‍സ്പെക്ടര്‍ സുഭാഷ്, സീനിയര്‍ സിവില്‍ ഓഫീസറും ജിഡി ചാര്‍ജുമായ പത്മരാജന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരേയും പരിശീലനത്തിനായി കോഴിക്കോട് ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റി. പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് അറിയുന്നത്.

മര്‍ദ്ദനമേറ്റ യുവാക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണനു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.എം സിദീഖിനെ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തി. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി.

യുവാക്കള്‍ സ്റ്റേഷനില്‍ എത്തി സ്കൂട്ടറുമായി തട്ടിയതിനെക്കുറിച്ച് പരാതി ബോധിപ്പിക്കുന്നതിനിടെ സ്കൂട്ടര്‍ യാത്രക്കാരനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് തങ്ങളെ പൊലീസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിക്കാന്‍ തുടങ്ങിയെന്നും ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതോടെയാണ് എസ്ഐ അടക്കമുള്ളവര്‍ ബല പ്രയോഗം നടത്തിയതെന്നുമായിരുന്നു യുവാക്കളുടെ പരാതി. 

ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങി സ്റ്റേഷനുള്ളില്‍ കയറ്റിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയിലുണ്ട്. യുവാക്കളുടെ പരാതി ശരിവയ്ക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios