Asianet News MalayalamAsianet News Malayalam

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നാല് കേസുകളിൽ കെസിഎയുടെ ക്രിക്കറ്റ് കോച്ചിനെതിരെ കുറ്റപത്രം നൽകി

2018 മുതൽ 2021 വരെയുള്ള കാലയളവിൽ അക്കാദമിയിൽ പരിശീലനത്തിയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വിവരം അടുത്തിടെയാണ് പുറത്തുവന്നത്.

police files charge sheet in four cases against KCA cricket coach for molesting minor girls
Author
First Published Aug 17, 2024, 10:18 AM IST | Last Updated Aug 17, 2024, 10:25 AM IST

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനു എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകൻ എം മനുവിനെതിരെ നാല് കേസുകളിൽ പൊലീസ് കുറ്റപത്രം നല്‍കി. പോക്സോ കേസിലെ ഇരയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഈ കേസ് തെങ്കാശി പൊലീസിന് കൈമാറി.

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തിരുവനന്തപുരത്തെ അക്കാദമിയിൻ പരിശീലകനായിരുന്നു എം മനു. ജൂനിയർ തലത്തിലുള്ള പെൺകുട്ടികൾക്കാണ് ഇയാൾ പരിശീലനം നൽകിയിരന്നത്. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ അക്കാദമിയിൽ പരിശീലനത്തിയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വിവരം അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് വർഷം മുമ്പ് ഇയാളുടെ പീഡനത്തിനിരയായ ഒരു കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും മനുവിനെകണ്ടു. ഭയന്നു പോയ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചതോടെയാണ് പീഡന വിവരങ്ങൾ പുറത്തുവരുന്നത്. 

ഇതിനു പിന്നാലെ അഞ്ച് പെൺകുട്ടികൾ കൂടി പൊലീസിനെ സമീപിച്ചു. ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമ മുറിയിലും ശൗചാലയത്തിലും വെച്ചായിരുന്നു ആദ്യം പീഡനം. പിന്നീട് അസേസിയേഷൻ അറിയാതെ പെണ്‍കുട്ടികളെ തെങ്കാശിയിൽ ടൂര്‍ണമെന്‍റുകളിൽ മത്സരിപ്പിക്കാൻ കൊണ്ടുപോയി അവിടെവെച്ചും പീഡിപ്പിച്ചു. ആറ് പോക്സോ കേസുകളിൽ നാലെണ്ണത്തിലാണ് ഇപ്പോൾ കൺന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നല്കിയത്.

2020ൽ പീഡനത്തിനിരയായ ഒരു പെൺകുട്ടിയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിൽ തെങ്കാശിയിൽ കൊണ്ടു പോയി പീഡിപ്പിച്ചതായും തെളിഞ്ഞു. ഇതേ തുടർന്ന് ഈ കേസ് തെങ്കാശിയിലെ കുറ്റാലം സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്. 

ബിസിസിസിഐക്ക് ശാരീരികക്ഷമത പരിശോധിക്കാനെന്ന പറഞ്ഞ ഇയാൾ മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുത്തിരുന്നു. ഫോണിൽ നിന്ന് ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിന്‍റെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. 

മനുവിനെതിരെ കെസിഎയിലെ വനിതാ പരിശീലകയും സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. വിവിധ മത്സരങ്ങൾക്ക് കുട്ടികളെ കൊണ്ടു പോകുമ്പോൾ മനു തന്നെ പലകാരണങ്ങൾ പറഞ്ഞ് മനഃപൂർവം  ഒഴിവാക്കുമായിരുന്നു എന്നാണ് ഇവർ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios