പുതുമുഖ സംവിധായകനെ അവതരിപ്പിക്കുന്നത് 16-ാം തവണ; ഫ്രൈഡേ ഫിലിം ഹൗസിൻ്റെ 'പടക്കളം' ആരംഭിച്ചു
എന്‍ജിനീയറിംഗ് കോളെജിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന പടക്കളം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു സ്വരാജാണ് സംവിധായകന്‍. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിനാറാമത്തെ പുതുമുഖ സംവിധായകനാണ് മനു സ്വരാജ്. ബേസിൽ ജോസഫിനോടൊപ്പം സഹായിയായി പ്രവർത്തിക്കുകയും തിരക്കഥാകൃത്ത് ജസ്റ്റിൻ മാത്യുവിനോടൊപ്പം രചനയിലും സഹകരിച്ചുപോന്നതിനു ശേഷമാണ് മനുസ്വരാജ് ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.
ഒരു എന്‍ജിനീയറിംഗ് കോളെജിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിംഗ് കോളെജ് ആണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലമാവുക. പൂർണ്ണമായും ഒരു ക്യാമ്പസ് ചിത്രമാണിതെന്നും ചിത്രത്തിലെ തൊണ്ണൂറ് ശതമാനം രംഗങ്ങളും ഈ ക്യാമ്പസില്‍ തന്നെയാണ് ചിത്രീകരിക്കുന്നതെന്നും നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. രണ്ട് ഷെഡ്യൂളുകളിലായി എഴുപത് ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ക്യാമ്പസില്‍ മാത്രം നടക്കുക. ഫൺ, ഫാൻ്റസി ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് വിജയ് ബാബു പറയുന്നു. നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു ക്യാമ്പസ് ആണിത്. ഇവിടുത്തെ വിദ്യാർത്ഥികൾ പുതിയ തലമുറക്കാരും ഉയർന്ന ചിന്താഗതികളുമൊക്കെയുള്ളവർ. ശാസ്ത്രയുഗത്തിൽ കോമിക്സും സൂപ്പർ ഹീറോയുമൊക്കെ വായിച്ച് അതിൽ ആകൃഷ്ടരായ കുട്ടികളാണ്. അവരുടെ വീഷണങ്ങളിലും ചിന്തകളിലുമൊക്കെ ഇതിൻ്റെപ്രതിഫലനങ്ങൾ ഏറെ ഉണ്ട്. ഇവിടെ ബുദ്ധിയും കൗശലവുമൊക്കെ കൈമുതലായിട്ടുള്ള ഈ വിദ്യാർത്ഥികൾക്ക് ചില പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. നേരിടുന്ന പ്രശ്നത്തെ തരണം ചെയ്യാള്ള ഇവരുടെ ശ്രമങ്ങൾ ഹ്യൂമർ മുഹൂർത്തങ്ങളിലൂടെ അവരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
നാലായിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി, വിശാലമായ കാന്‍വാസില്‍ വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സന്ധീപ് പ്രദീപ് (ഫാലിമി ഫെയിം,) സാഫ് ബോയ് ( വാഴ ഫെയിം), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം), യു ട്യൂബറായ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജ മോഹൻരാജ് ആണ് മറ്റൊരു പ്രധാന താരം. ഇവർക്ക് പുറമെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.
തിരക്കഥ നിതിൻ സി ബാബു, മനുസ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ ശരത് അനിൽ, ഫൈസൽഷാ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പ്രൊഡക്ഷൻ മാനേജർ സെന്തിൽ കുമാർ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ വിഷ്ണു എസ് രാജൻ.
ALSO READ : 'രംഗണ്ണനും' 'ആനന്ദേട്ടനും' മാത്രമല്ല; കളര്‍ഫുള്‍ ഓണപ്പൂരവുമായി ഏഷ്യാനെെറ്റ്