പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, അപകടമുണ്ടായത് ഇന്നലെ വൈകീട്ട്

ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. 
 

Jensen died after being injured in an accident between a bus and a van at Vellaramkunn, Kalpetta, Wayanad

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. രാത്രി 8.52ഓടെ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ.

ജെൻസൻ്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. വെൻ്റിലേറ്ററിൽ തുടരുന്ന ജെൻസണ് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ജെൻസണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കുണ്ട്. 

ഇന്നലെ വൈകുന്നേരമാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. ‌വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ശ്രുതിയ്ക്ക് നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻഎംഎസ് എം ഗവ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ്  അമ്മയെ തിരിച്ചറിഞ്ഞത്.

ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം. ഇന്നലെ കൽപറ്റയിലെ വാഹനാപകടത്തിൽ ജെൺസണ് ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ജെൻസൺ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ആരോപണങ്ങൾക്ക് പിന്നിൽ മുട്ടിൽ മരംമുറി കേസ് അന്വേഷണമെന്ന് ഡിവൈഎസ്പി; 'വാർത്ത നീക്കിയില്ലെങ്കിൽ നിയമ നടപടി'

 

 

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios