ആത്മകഥാ വിവാദത്തിൽ പിരപ്പൻകോടിന് പൂട്ടിട്ട് പാര്‍ട്ടി; പോര് അവസാനിപ്പിക്കാന്‍ പരസ്യ പ്രസ്താവന വിലക്കി സിപിഎം
1996 വാമനപുരം മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പിണറായി പക്ഷത്ത് എന്നും നിന്ന കോലിയക്കോട് കൃഷ്ണൻ നായര്‍ നടത്തിയ നീക്കങ്ങൾ പിരപ്പൻകോട് മുരളി തുറന്നെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കൾ, അതിൽ രണ്ട് പേരും ഒരു കാലത്ത് കൊടികുത്തി വാണ വിഎസ് - പിണറായി പക്ഷ വിഭാഗീയതയിൽ രണ്ടറ്റത്ത് നിലയുറപ്പിച്ചിരുന്നവര്‍. വര്‍ഷങ്ങൾ പഴക്കമുള്ള വിഭാഗീയതയുടേയും വ്യക്തിവിരോധങ്ങളുടെയും പരസ്യ പ്രകടനത്തിനാണ് പിരപ്പൻകോട് മുരളിയുടെ ആത്മകഥ വഴിവച്ചത്. 1996 വാമനപുരം മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പിണറായി പക്ഷത്ത് എന്നും നിന്ന കോലിയക്കോട് കൃഷ്ണൻ നായര്‍ നടത്തിയ നീക്കങ്ങൾ പിരപ്പൻകോട് മുരളി തുറന്നെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതൽ പ്രചാരണ വേദിയിൽ വരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനും പാര്‍ട്ടി വോട്ടുകൾ യുഡിഎഫ് സ്ഥാനാര്‍ത്ഥിയിലേക്ക് എത്തിക്കാനും കോലിയക്കോട് കൃഷ്ണൻ നായര്‍ പരിശ്രമിച്ചെന്നാണ് പിരപ്പൻകോട് മുരളി പ്രസാധകനിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെഴുതിയത്. എല്ലാം പച്ചക്കള്ളമെന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കിയ കോലിയക്കോട് പക്ഷേ പറയാനാണെങ്കിൽ പലതും പറയേണ്ടിവരുമെന്നും ഓര്‍മ്മിപ്പിച്ചു.
പിരപ്പൻകോട് മുരളി ഇപ്പോൾ പാര്‍ട്ടിയല്ല, പക്ഷേ പാര്‍ട്ടി ചട്ടക്കൂടിനകത്ത് ഇപ്പോഴും നിൽകുന്നതിനാൽ നേതൃത്വത്തോട് ആലോചിച്ച ശേഷം ബാക്കി പ്രതികരണമെന്ന് പറഞ്ഞുവച്ച കോലിയക്കോട് പുതിയ പോര്‍മുഖം തുറന്നു. പിരപ്പൻകോട് മുരളിയും വെറുതെ ഇരുന്നില്ല. അന്നത്തെ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടെടുത്ത് പുറത്തിട്ടു. വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ അവലോകനം ചെയ്യുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട് വാമനപുരത്തെത്തുമ്പോൾ എണ്ണിയെണ്ണി പറയുന്നത് കോലിയക്കോടിന്റെ വീഴ്ചകളാണ്.
സ്വന്തം സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ റിപ്പോര്‍ട്ടിൽ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഇതിനൊപ്പം പ്രത്യക്ഷമായും പരോക്ഷമായും പ്രശ്നത്തിൽ ഇടപെട്ട പ്രമുഖ നേതാക്കളുടെ പേരുകൂടി പൊതു സമൂഹത്തിന് മുന്നിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്. വിവാദം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം നേതൃത്വം നേതാക്കൾക്ക് നിര്‍ദ്ദേശം നൽകി. പരസ്യ പ്രസ്താവനകൾക്കും വിലക്ക് ഏര്‍പ്പെടുത്തി.
അന്ന് തോൽപ്പിക്കാൻ ശ്രമിച്ചത് കോലിയക്കോടൻ: സിപിഎം വിഭാഗീയതയിൽ തുറന്നെഴുത്തിമായി പിരപ്പൻകോട് മുരളി
മുതിര്‍ന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ കോലിയക്കോട് കൃഷ്ണൻ നായര്‍ക്കെതിരെ വെളിപ്പെടുത്തലുമായി സിപിഎം നേതാവ് പിരപ്പൻകോട് മുരളി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതൽ പ്രചാരണ വേദിയിൽ വരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനും പാര്‍ട്ടി വോട്ടുകൾ യുഡിഎഫ് സ്ഥാനാര്‍ത്ഥിയിലേക്ക് എത്തിക്കാനും കോലിയക്കോട് കൃഷ്ണൻ നായര്‍ പരിശ്രമിച്ചെന്നാണ് പിരപ്പൻകോട് മുരളിയുടെ തുറന്ന് പറച്ചിൽ . ഒരു മാസികയിൽ പ്രസിദ്ധീകരിച്ച് വരുന്ന ആത്മകഥയിലാണ് ഇത്തരം പരാമര്‍ശങ്ങളുള്ളത്.
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ എന്ന പേരിലാണ് പിരപ്പൻകോട് മുരളി ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. 1996 വാമനപുരം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയപ്പോൾ നേരിട്ട പ്രതിസന്ധികളാണ് പുതിയ ലക്കത്തിന്റെ ഉള്ളടക്കം. "സുശീലാ ഗോപാലന്റെ പേരായിരുന്നു വാമനപുരം മണ്ഡലത്തിലേക്ക് സിപിഎം സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ ബഹുമാന്യയായ സുശീല ഗോപാലൻ മണ്ഡലത്തിലേക്ക് പരിഗണിക്കാവുന്ന ആളല്ലെന്നായിരുന്നു തന്റെ അഭിപ്രായം എന്നും അത് പാര്‍ട്ടി വേദിയിൽ പറഞ്ഞു. ഗീനാ കുമാരിയുടെ പേരാണ് പകരം പറഞ്ഞെതെങ്കിലും അവര്‍ക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്ന് മനസിലായത് പിന്നീടാണ് . കല്ലറ രമേശൻ നായരുടെ പേര് പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും ആനത്തലവട്ടം ആനന്ദനും കടകംപള്ളി സുരേന്ദ്രനും ചേര്‍ന്നാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും പിരപ്പൻകോട് മുരളി ഓര്‍ക്കുന്നു.
" പ്രാഥമിക ചര്‍ച്ചകൾക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് അണിയറയിൽ നടന്ന പല നാടകങ്ങളും ഞാൻ മനസിലാക്കിയത്. കേന്ദ്ര കൺട്രോൾ കമ്മീഷന്റെ ഔദാര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പാര്‍ട്ടി മെമ്പര്‍ഷിപ്പിൽ കയറിപ്പറ്റിയ കൃഷ്ണൻ നായര്‍ പാര്‍ട്ടിയിലെ ഉന്നതനായ നേതാവിന്റെ സഹായത്തോടെ അന്ന് തിരുവനന്തപുരത്തിന്റെ ചുമതല ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ചടയൻ ഗോവിന്ദനെ നേരിൽ കണ്ട് ചില വസ്തുതകൾ ബോധിപ്പിച്ചു. പിരപ്പിൻകോട് മുരളിക്ക് ഏറെ നാളായി വാമനപുരം മണ്ഡലത്തിൽ യാതൊരു ബന്ധവും ഇല്ല. വാമനപുരം ഉൾപ്പെടുന്ന വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി മുരളിയുട സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കുന്നു.
തന്നെയുമല്ല മുരളിക്ക് സ്ഥാനാര്‍ത്ഥിയാകാൻ വേണ്ടിയാണ് കൃഷ്ണൻ നായരെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയത് എന്ന ധാരണയാണ് ജനങ്ങൾക്കിടയിട്ടുണ്ട്. എംഎൽഎ എന്ന നിലയിൽ കൃഷ്ണൻ നായര്‍ ബഹുജന സമ്മതനാണ്. ഈ പശ്ചാത്തലത്തിൽ സുശീലാ ഗോപാലനെ പോലൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയാൽ മുരളിയും കൂടെ നിൽക്കുന്നവരും എതിര്‍ക്കില്ല. ഒരു തെരഞ്ഞെടുപ്പ് നേരിടാനുള്ള പണം മുരളിക്കില്ല. പണം ഉണ്ടാക്കാൻ മുരളിക്ക് അറിയില്ല. അതുകൊണ്ട് സുശീലാ ഗോപാലനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം." ഇത്രയും കാര്യങ്ങൾ കോലിയക്കോട് കൃഷ്ണൻ നായര്‍ ചടയൻ ഗോവിന്ദനെ ബോധ്യപ്പെടുത്തിയെന്നും പിരപ്പൻകോട് മുരളി ആത്മകഥയിൽ പറയുന്നു.
എന്താ മുരളീ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ചോ എന്ന് ചോദിച്ച് എകെജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിഎസ് ക്ഷോഭിച്ചെന്നും തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയായതെന്നും പിരപ്പൻകോട് മുരളി പറയുന്നു. ഏറെ അടുപ്പക്കാരയായിരുന്ന സി കെ സീതാറാമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഔദ്യോഗിക പാര്‍ട്ടി നേതൃത്വം പക്ഷെ നിഷ്ക്രിയമായി ഇരുന്നില്ല. പാങ്ങോട് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശികലയുടെ വീട്ടിലും കല്ലറ പഞ്ചായത്ത് പ്രസിഡന്റ് മീനാംബികയുടെ വീട്ടിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാനുള്ള യോഗം കോലിയക്കോട് കൃഷ്ണൻനായരുടെ നേതൃത്വത്തിൽ ചേര്‍ന്നെന്നും പിരപ്പൻകോട് മുരളി പറയുന്നു. വിവരം മീനാംബിക തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചതോടെയാണ് കോലിയക്കോടിന്റെ അട്ടിമറി നീക്കം പൊളിഞ്ഞതെന്നും പിരപ്പൻകോട് മുരളി പറയുന്നു.
2018 വരെ സിപിഎം സംസ്ഥാന സമിതിയിൽ അംഗമായിരുന്നു പിരപ്പൻകോട് മുരളി. തൃശ്ശൂര്‍ സമ്മേളനത്തിൽ പ്രായം പറഞ്ഞാണ് മുരളിയെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കുന്നത്. എന്നാൽ മുരളിയേക്കാൾ പ്രായക്കൂടുതലുള്ള കോലിയക്കോടിനെ നിലനിര്‍ത്തിയതിൽ അതൃപ്തനായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു.