സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കൊവിഡ്; നൂറ് കടക്കുന്നത് തുടര്‍ച്ചയായ ആറാം ദിവസം

രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരാണ്.

Pinarayi Vijayan detailing new covid cases in kerala  and give instructions to defeat transmission of virus

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 81 പേരാണ്. രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്ക് രോഗം ബാധിച്ചു.  

പൊസിറ്റീവായവരുടെ കണക്ക്: പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശ്ശൂർ 15
നെഗറ്റീവായവർ: കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം തൃ-ശ്ശൂർ 4, പാലക്കാട് 1, മലപ്പുറം 7.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

4941 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു. 3603 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1691 പേർ നിലവിൽ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 40537 സാമ്പിളുകൾ ശേഖരിച്ചു. 39113 നെഗറ്റീവായി.

ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി. വിദേശത്ത് നിന്ന് വരുന്നവർക്ക് സ്ക്രീനിങ് വേണമെന്ന് സർക്കാർ നിലപാടെടുത്തപ്പോൾ ചിലർ തെറ്റിദ്ധാരണ പരത്തി. പ്രവാസികളെ പ്രകോപിപ്പിച്ച് സർക്കാരിനെതിരെ രോഷമുണ്ടാക്കാൻ ശ്രമിച്ചു. താത്പര്യമുള്ള പ്രവാസികളെയെല്ലാം കേരളത്തിലേക്ക് എത്തിക്കും, അതിന് വേണ്ട സൗകര്യമൊരുക്കുമെന്ന് സർക്കാർ പറഞ്ഞതാണ്. അതിൽ നിന്ന് പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരളം ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ല. 72 വിമാനങ്ങൾക്ക് ഇന്ന് മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നൽകി. 14058 പേർ ഇന്ന് ഈ വിമാനങ്ങളിൽ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71  ഉം ഗൾഫിൽ നിന്ന് വരുന്നവയാണ്.

നമ്മുടെയാളുകൾ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്‍റെ ഭാഗമായാണ് ഇത്രയും വിമാനങ്ങൾക്ക് അനുമതി നൽകിയത്. 543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാർട്ടേഡ് വിമാനങ്ങൾ. 208 വന്ദേ ഭാരത് മിഷൻ വിമാനങ്ങളാണ്. 154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങൾക്ക് അനുമതി നൽകി. ജൂൺ 30 ന് 400 ല്‍ ഏറെ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകി.

വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർക്ക് സൗജന്യമായി ചികിത്സ നൽകി. ഗുരുതര രോഗമുള്ള വയോജനങ്ങളെയടക്കം ഭേദമാക്കാൻ സാധിക്കുന്നുണ്ട്. സഹോദരങ്ങൾക്ക് ചികിത്സ വേണ്ടിവന്നാൽ ലഭ്യമാക്കും. 216 ലോകരാജ്യങ്ങളിലും പ്രവിശ്യകളിലുമായി രോഗം വ്യാപിച്ചു. 4.80 ലക്ഷത്തിലേറെ പേർ ഇതിനോടകം മരിച്ചു. 90 ലക്ഷത്തിലേറെ പേർ രോഗികളായി. 38 ലക്ഷം പേർ ചികിത്സയിലാണ്. ലോകത്താകെ വ്യാപിച്ച് കിടക്കുന്നതാണ് കേരളീയ സമൂഹം. വിദേശത്ത് നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ഈ വേദിയിൽ തന്നെ പല തവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത് കൊണ്ട് ആരും മരിച്ചിട്ടില്ല. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യം അവർക്ക് ലഭിക്കുന്നുണ്ട്.

പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ഒരു മാധ്യമം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഭരണകൂടങ്ങൾ അനാസ്ഥ തുടർന്നാൽ കൂടുതൽ മുഖങ്ങൾ ചേർക്കപ്പെടുമെന്ന് ആ പത്രം പറയുന്നു. അതിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം ഓർക്കണം. ഈ രാജ്യങ്ങളിലെല്ലാം കേരളീയർ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവർ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോൾ അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ? കുത്തിത്തിരുപ്പിന് അതിര് വേണം.

എന്ത് തരം മനോനിലയാണ് ഇങ്ങിനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് ചിന്തിക്കണം. ആരുടെയും അനാസ്ഥയും അശ്രദ്ധയും കൊണ്ടല്ല മരണങ്ങൾ സംഭവിച്ചത്. ഇന്നാട്ടിൽ വിമാനങ്ങളും മറ്റ് യാത്രാ മാർഗങ്ങളും ഇല്ലാത്ത ലോക്ക് ഡൗണായിരുന്നെന്ന് ഓർമ്മയില്ലേ. മരിച്ചുവീണവർ നാടിന് പ്രിയപ്പെട്ടവർ. മരണം വേദനാജനകം. അതിന്‍റെ പേരിൽ മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാൾ മാരകമായ രോഗബാധ.

സംസ്ഥാനം ഇതുവരെ കർക്കശമായ നിലപാടെടുത്തു. ഇനിയും തുടരും. യാഥാർത്ഥ്യങ്ങൾ ആരെങ്കിലും മൂടിവെച്ചാൽ ഇല്ലാതാകില്ല. 90 ശതമാനം കൊവിഡ് കേസുകളും വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്ത് നിന്നോ വന്നവയാണ്. 69 ശതമാനവും വിദേശത്ത് നിന്ന് വന്നവരിലാണ്. വിദേശത്തെ ആരോഗ്യസംവിധാനത്തിൽ നമുക്കിടപെടാൻ സാധിക്കില്ല. നമ്മുടെ ഇടപെടലിന്‍റെ ആദ്യപടി യാത്ര തിരിക്കും മുൻപുള്ള സ്ക്രീനിങാണ്. ഇത് നടത്തിയില്ലെങ്കിൽ യാത്രാ വേളയിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കും. പ്രവാസി കേരളീയരുടെ ജീവൻ അപകടത്തിലാവും. ആദ്യ ഘട്ടത്തിൽ കേരളത്തിലേക്ക് എത്തിച്ചവരിൽ 45 ശതമാനം പേർ ഗർഭിണികളും വയോജനങ്ങളും കുട്ടികളും മറ്റ് രോഗാവസ്ഥ ഉള്ളവരുമായിരുന്നു. ഇവരുടെ ജീവൻ രോഗികൾക്കൊപ്പം യാത്ര ചെയ്താൽ അപകടത്തിലാവും. സാധാരണ ഗതിയിൽ ഇത് അനുവദിക്കാനാവില്ല.

ഹൈ റിസ്ക് പ്രൈമറി കോണ്ടാക്ട് തടയണം. ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണ്. ഒരാളിൽ നിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടാകാം. അതിന് വിമാനയാത്രകൾ കാരണമാകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താണ് വിദേശത്ത് നിന്ന് യാത്ര പുറപ്പെടും മുൻപ് സ്ക്രീനിങ് വേണമെന്ന് തീരുമാനിച്ചത്. 

യാത്ര തടയാതെയും നീട്ടിവയ്പ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചത്. കേന്ദ്രസർക്കാരുമായും എംബസികളുമായും ബന്ധപ്പെട്ടു. ഈ മാസം 20 മുതൽ യാത്രക്കാർക്ക് ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചു. അത് പ്രായോഗികമായില്ല. അഞ്ച് ദിവസം സമയം ദീർഘിപ്പിച്ചു. വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താനാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. വിമാനയാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ എംബസികളോട് ബന്ധപ്പെട്ടു. അതിന്നലെ പറഞ്ഞതാണ്. തിരികെ വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. ഓരോ ഘട്ടത്തിലും ഇതനുസരിച്ച് നടപടിയെടുത്തു. നാളെ മുതൽ സ്വകാര്യ വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും വന്ദേ ഭാരത് വിമാനങ്ങളും വരുമ്പോൾ നടപടിയെടുക്കും.

ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ടെസ്റ്റ് നടത്താൻ പരമാവധി ശ്രമിക്കണം. 72 മണിക്കൂറായിരിക്കും ഇതിന്‍റെ സാധുത. എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ സൈറ്റിൽ വിവരം രേഖപ്പെടുത്തണം. എത്തുന്ന വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് സ്ക്രീനിങിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവർക്ക് രോഗലക്ഷണം ഇല്ലെങ്കിലും വിമാനത്താവളത്തിൽ റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റിന് വിധേയരാകണം.

പോസിറ്റീവാകുന്നവർ കൂടുതൽ ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് ഫലം എന്തായാലും യാത്രക്കാർ സർക്കാർ നിർദ്ദേശ പ്രകാരം 14 ദിവസം ക്വാറന്‍റീനില്‍ പോകണം. എല്ലാ രാജ്യത്ത് നിന്ന് വരുന്നവരും എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ ഇടയ്ക്കിടക്ക് ഉപയോഗിക്കണം. ഖത്തറിൽ നിന്ന് വരുന്നവർ എഹ്ത്രാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസുള്ളവരാകണം. ഇവിടെയെത്തിയാൽ ടെസ്റ്റിന് വിധേയരാകണം. യുഎഇ എല്ലാ യാത്രക്കാരെയും ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. ഒമാൻ, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം. സാനിറ്റൈസർ കരുതണം. സൗദിയിൽ നിന്ന് വരുന്നവർ എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, കൈയ്യുറ എന്നിവ ധരിക്കുന്നതിന് പുറമെ പിപിഇ കിറ്റും ധരിക്കണം.

കുവൈറ്റിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ ഇരു രാജ്യങ്ങളിലുള്ളവരും കൊവിഡ് ടെസ്റ്റിന് വിധേയരാകണം. യാത്രക്കാരുടെ പിപിഇ കിറ്റ്, കയ്യുറ, മാസ്ക് എന്നിവ വിമാനത്താവളത്തിൽ വച്ച് സുരക്ഷിതമായി നീക്കും. എയർപോർട്ടുകളിൽ ടെസ്റ്റിന് സൗകര്യം ഒരുക്കും. സർക്കാർ നിബന്ധന ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. ഇക്കാര്യങ്ങൾ വിദേശ മന്ത്രാലയത്തെയും എംബസികളെയും അറിയിക്കും. ചാർട്ടേഡ് വിമാനങ്ങൾക്ക് എൻഒസി നൽകണം. എന്നാൽ അപേക്ഷ നൽകുമ്പോഴുള്ള വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മതപത്രത്തിനുള്ള അപേക്ഷ ഏഴ് ദിവസം മുൻപ് നോർക്കയിൽ ലഭിക്കണം. എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിലുണ്ട്.

കൊവിഡ് രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ടെക്നിക്കൽ വിഭാഗത്തിലേതടക്കമുള്ള എല്ലാ പൊലീസുകാരും സേവന സജ്ജരായിരിക്കണം. സ്പെഷ്യൽ ബ്രാഞ്ച് ഒഴികെ എല്ലാ സ്പെഷ്യൽ യൂണിറ്റിലെയും 90 ശതമാനം ജീവനക്കാരും ജില്ലാ പൊലീസ് മേധാവി മുൻപാകെ ഹാജരാകണം. വിദേശത്ത് നിന്ന് ധാരാളം മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ ഐപിഎസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. നാല് വിമാനത്താവളത്തിന്‍റെയും പൊതു ചുമതല പരിശീലന വിഭാഗം ഐജിക്കാണ്. ഓരോ വിമാനത്താവളത്തിലും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കും ചുമതല നൽകി നിയോഗിക്കും.

മാസ്ക് ധരിക്കാത്ത 4969 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീന്‍ ലംഘിച്ച 10 പേർക്കെതിരെ കേസെടുത്തു. അതിഥി തൊഴിലാളികൾ തിരിച്ചെത്തുന്നു. ട്രെയിൻ മാർഗം എത്തുന്നവരുടെ രേഖകൾ പരിശോധിക്കാൻ അതിർത്തി സ്റ്റേഷനുകളിൽ സംവിധാനം ഉണ്ട്. വരുന്നവരെ ക്വാറന്‍റീനില്‍ വിടും. പാസില്ലാതെ വരുന്നവരെ കോണ്ട്രാക്ടർമാരുടെ ചുമതലയിൽ ക്വാറന്‍റീനില്‍ വിടുന്നുണ്ട്. പാസില്ലാതെ കോൺട്രാക്ടർമാരില്ലാതെ വരുന്നവരെ തിരികെ കയറ്റി വിടുന്നുണ്ട്. ഇത് പാടില്ല. പകരം അവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കും. ഏത് ജില്ലയിലേക്കാണോ പോകേണ്ടത്, ആ ജില്ലയിൽ ക്വാറന്‍റീന്‍ ഒരുക്കണം. ഇവിടെ തൊഴിലെടുക്കാൻ ജില്ലാ തലത്തിൽ സൗകര്യം ഒരുക്കും. സന്നദ്ധ പ്രവർത്തകർക്ക് ഓൺലൈൻ പരിശീലനം നാളെ മുതൽ തുടങ്ങും. ഓഗസ്റ്റ് മാസത്തോടെ മൂന്നര ലക്ഷം പേർക്ക് ഇത് നൽകും.

തൊഴിൽ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോർഡുകൾ 11 ആയി കുറയ്ക്കും. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയുമായി സംയോജിപ്പിക്കും. ഉയർന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പലതിന്‍റെയും നിലനിൽപ്പ് പ്രയാസത്തിലാണ്. ബോർഡുകളിലെ ജീവനക്കാരുടെ ക്ഷേമം പരിഗണിച്ച് നേരത്തെ സബ്‍കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ ശുപാർശ പരിഗണിച്ചാണ് തീരുമാനം. ഇതിനായി നിയമ നിർമ്മാണം നടത്തും.

സംസ്ഥാനത്തേക്ക് വരുന്ന ചില യാത്രക്കാർ ഇപ്പോൾ തന്നെ പിപിഇ കിറ്റ് ധരിക്കുന്നുണ്ട്. എയർക്രാഫ്റ്റിന് അകത്ത് ചൂട് അധികം അനുഭവപ്പെടില്ല. അതുകൊണ്ട് വിയർത്താലും ആരോഗ്യം സംരക്ഷിക്കുക പ്രധാനം. സൗദിയിലാണ് പിപിഇ കിറ്റ് വേണമെന്ന് പറഞ്ഞത്. ഏറ്റവും കൂടുതൽ രോഗബാധ തോതുള്ള രാജ്യമാണ് സൗദി. കുവൈറ്റിൽ പരിശോധനക്ക് സൗകര്യമുണ്ടെന്ന് പറയുന്നു. അത് സാധിക്കാതെ വരുന്നവർ പിപിഇ കിറ്റ് ധരിക്കണം. പിപിഇ കിറ്റ് യാത്രക്കാർ തന്നെ വാങ്ങേണ്ടി വരും. സർട്ടിഫിക്കറ്റ് അവിടെ പരിശോധന നടത്തണമെന്നത് പ്രധാനം. കേന്ദ്രസർക്കാർ ഇത് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് നല്ല ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

രോഗവ്യാപനത്തിന്‍റെ തോതനുസരിച്ച് തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം വേണ്ടിവന്നു. മറ്റ് ചില ഇടങ്ങളിൽ കൂടി നിയന്ത്രണം വേണ്ടി വരും. ബാലാവകാശ കമ്മിഷൻ ചെയർമാനെ സാധാരണ ഗതിയിലുള്ള നടപടിക്രമം അനുസരിച്ച് അഭിമുഖത്തിലൂടെ യോഗ്യതയുള്ളയാളെ നിയമിച്ചു. 

 

Latest Videos
Follow Us:
Download App:
  • android
  • ios