Asianet News MalayalamAsianet News Malayalam

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമനകോഴ ആരോപണം പൊലീസിനെ ഉപയോഗിച്ച് പിണറായി സർക്കാർ വെള്ളപൂശി: സുധാകരൻ

അഴിമതി നടത്താന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ അതിനെല്ലാം കുടപിടിക്കുകയും അവര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിലും വ്യാപൃതരായി ഇരിക്കുകയാണ് ആഭ്യന്തരവകുപ്പ്

Pinarayi government used police to whitewash allegations of recruitment scandal against health minister office says Sudhakaran
Author
First Published Jul 26, 2024, 7:09 PM IST | Last Updated Jul 26, 2024, 7:09 PM IST

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പൊലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതടക്കം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മന്ത്രിസഭയിലെ ഉന്നതരെ കേന്ദ്രീകരിച്ച്  ഉയരുന്ന ആരോപണങ്ങളെല്ലാം ഒതുക്കി തീര്‍ത്ത് ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പ്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു കൊണ്ട് ക്ലീന്‍ ചിറ്റ് നല്‍കിയതും അതിന്റെ ഭാഗം. ഈ വിഷയത്തില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടന്നിട്ടില്ല. സമാനമായ രീതിയില്‍ പി.എസ്.സി. അംഗത്വം കിട്ടാന്‍ മന്ത്രിയുടെയും എം.എല്‍.എ.യുടെയും പേരുപറഞ്ഞ് കോഴ വാങ്ങിയ ശേഷം പിടിക്കപ്പെട്ടപ്പോള്‍ പണം തിരിച്ചുനല്‍കി കേസ് ഒതുക്കിത്തീര്‍ത്തവരാണ് സിപിഎമ്മുകാര്‍. അന്നും അതിന് പിറകിലുള്ള ഉന്നതരെ രക്ഷപ്പെടുത്തിയെടുക്കുകയാണ്  സിപിഎം നേതൃത്വം ചെയ്തത്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വ്യക്തമായ അറിവുണ്ടായിട്ടും മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് വരെ പൊലീസില്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടെന്നും സുധാകരൻ ചോദിച്ചു.

ഒരുപക്ഷേ മാധ്യമങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നിയമന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ വന്‍തുക കോഴ വാങ്ങി പിന്‍വാതില്‍ വഴി അനര്‍ഹരായവരെ സര്‍ക്കാര്‍ സര്‍വീസില്‍ പിണറായി സര്‍ക്കാര്‍ നിയമിക്കുമായിരുന്നു. നിയമന തട്ടിപ്പുകള്‍ സിപിഎമ്മിനും എല്‍ഡിഎഫിനും പണം സമ്പാദിക്കാനുള്ള മാര്‍ഗമായി മാറി. അഭ്യസ്തവിദ്യരായ നിരവധി യുവജനങ്ങള്‍ തൊഴിലില്ലാതെ തെരുവില്‍ അലയുമ്പോഴാണ് കോടികള്‍ കോഴ വാങ്ങി ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങള്‍ സിപിഎം നടത്തുന്നത്. അഴിമതി നടത്താന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ അതിനെല്ലാം കുടപിടിക്കുകയും അവര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിലും വ്യാപൃതരായി ഇരിക്കുകയാണ് ആഭ്യന്തരവകുപ്പ്. അതിനായി പിണറായി സര്‍ക്കാര്‍ മികച്ച ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

'ദർബാർ' ഇല്ലെങ്കിലെന്താ, 'ഷഹൻഷ' യുണ്ടല്ലോ! രാഷ്ട്രപതി ഭവനിലെ പേര് മാറ്റത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios