മദനി 90കളിൽ പറഞ്ഞതാണ് സിപിഎമ്മും കോൺഗ്രസും ഇപ്പോൾ പറയുന്നതെന്ന് പിഡിപി; 'ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല'

പി ജയരാജൻ്റെ പുസ്തക പ്രകാശന വേദിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയ പിഡിപി പ്രവർത്തകർ പുസ്തകത്തിൻ്റെ കവർ കത്തിച്ചു

PDP says what Madani said in 90s are now CPM and congress raising against center

കൊച്ചി: മദനി 90 കളിൽ ആർഎസ്എസിനെതിരെ പറഞ്ഞതാണ് ഇന്ന് സിപിഎമ്മും കോൺഗ്രസും ആവർത്തിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി വി.എം അലിയാർ. മദനിക്കെതിരായ ആരോപണത്തിൽ പി ജയരാജനെ സംവാദത്തിന് വെല്ലുവിളിക്കുന്നു. മദനിക്ക് പി ജയരാജൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട. സിപിഎം നിലപാട് ഇത് തന്നെയാണോയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1990 മുതൽ മദനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു അലിയാർ ഉന്നയിച്ച മറ്റൊരു കാര്യം. പ്രകോപന കുറ്റം ചുമത്തി കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിലും കുറ്റം തെളിഞ്ഞിട്ടില്ല. ദേശവിരുദ്ധ പ്രവർത്തിയുടെ പേരിൽ മദനിക്ക് എതിരെ എവിടെയും കേസില്ല. ബാബ്‌റി മസ്ജിദ് പ്രശ്നത്തിന് ശേഷം നടന്ന ഒറ്റപ്പാലം തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ പിഡിപി പിന്തുണച്ചിരുന്നു. 1993 ലെ തെരഞ്ഞെടുപ്പ് സിപിഎമ്മിൻ്റെ എസ്.ശിവരാമനാണ് പിന്തുണ നൽകിയത്. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മഹാത്മാ ഗാന്ധിയോടാണ് ഇ.എംഎസ് മദനിയെ ഉപമിച്ചത്. അത് ജയരാജൻ മറന്നത് എന്തുകൊണ്ടാണെന്നും അലിയാർ ചോദിച്ചു.

ഉപതെരെഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്ന് പിഡിപി നിലപാട് തീരുമാനിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി ചേർന്നു നിലപാട് പറയും. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു തീരുമാനം എടുക്കും. പി.ജയരാജൻ പുസ്തകം അതിനെ സ്വാധീനിക്കില്ല. സിപിഎം നിലപാട് ഇങ്ങനെ എന്ന് കരുതുന്നില്ല. അങ്ങനെ എങ്കിൽ നേതൃത്വം പറയട്ടെ. തൃശ്ശൂരിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വി.എസ്.സുനിൽകുമാറിന് വേണ്ടി പിഡിപി സജീവമായി രംഗത്തുണ്ടായിരുന്നു. ധാരണക്കുറവ് കൊണ്ടാകാം ബിനോയ്‌ വിശ്വത്തിന്റെ പ്രതികരണമെന്നും അലിയാർ പറഞ്ഞു. അതിനിടെ പി ജയരാജൻ്റെ പുസ്തക പ്രകാശന വേദിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയ പിഡിപി പ്രവർത്തകർ പുസ്തകത്തിൻ്റെ കവർ കത്തിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios