കോക്ടെയിൽ കഴിച്ചതിന് പിന്നാലെ തളർന്ന് വീണ് അതിഥികൾ, ഫിജിയിൽ വിഷമദ്യ ദുരന്തം

ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് നൽകിയ കോക്ടെയിൽ കഴിച്ച വിദേശ വിനോദ സഞ്ചാരികൾ അവശനിലയിൽ

alcohol poisoning tourists in hospital fiji

സുവ: വാരാന്ത്യ ആഘോഷങ്ങൾക്കായി ഫിജിയിലെ റിസോർട്ടിലെത്തിയ വിനോദ സഞ്ചാരികൾക്ക് അവശനിലയിൽ. വിഷമദ്യം കഴിച്ചതിന് പിന്നാലെയാണ് ഏഴ് വിനോദ സഞ്ചാരികൾ അവശ നിലയിലായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ പലരുടേയും ആരോഗ്യനില മോശമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശദമാക്കുന്നത്. ശനിയാഴ്ച രാത്രിയിൽ റിസോർട്ടിൽ നടന്ന് പാർട്ടിയിൽ വിളമ്പിയ കോക്ടെയിലിൽ നിന്നാണ് വിനോദ സഞ്ചാരികൾക്ക് വിഷബാധയേറ്റതെന്നാണ് പുറത്ത് വരുന്ന വിവരം. 

18 മുതൽ 56 വരെ പ്രായമുള്ളവരാണ് തലകറക്കവും ഛർദ്ദിയും അപസ്മാരം അടക്കമുള്ള ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളത്. ഓസ്ട്രേലിയയിൽ നിന്നുള്ള 4 സഞ്ചാരികളും ഒരു അമേരിക്കൻ സഞ്ചാരിയും അടക്കം ഏഴ് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ ആറ് വിനോദ സഞ്ചാരികൾ വിഷമദ്യം കഴിച്ച് മരിച്ചതിന് ആഴ്ചകൾ പിന്നിടും മുൻപാണ് ഫിജിയിലെ വിഷമദ്യ ദുരന്തം. ഫിജിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ എത്തിയ അതിഥികൾക്കാണ് വിഷമദ്യം വിളമ്പിയത്. 

ഇവരിൽ 56 വയസുള്ള ഓസ്ട്രേലിയൻ വനിതയും 19 വയസുള്ള യുവതിയുടേയും ആരോഗ്യനില ഗുരുതരമാണ്. ആശുപത്രിയിൽ വച്ചും ഇവരുടെ ആരോഗ്യ നില മോശമായിരുന്നു. ആശുപത്രിയിലുള്ള ശേഷിക്കുന്നവരിൽ രണ്ട് പേർ വനിതകളാണ്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ആഡംബര റിസോർട്ടിൽ ആരോഗ്യ വകുപ്പ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഏതെങ്കിലും രീതിയിലുള്ള ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവർ ഉടനടി ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഫിജിയിൽ നിന്ന് ലഭ്യമാകുന്ന പ്രാദേശിക മദ്യം കലർന്ന കോക്ടെയിൽ ഉപയോഗിക്കരുതെന്നാണ് വിനോദ സഞ്ചാരികൾക്ക് ഓസ്ട്രേയിയൻ വിദേശകാര്യ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios