കെഎസ്ആർടിസി ഉല്ലാസയാത്രാ ബസ് കേടായി; മണിക്കൂറുകൾ പെരുവഴിയിൽ, പണം തിരികെ തരാതെ ബദൽ ബസിൽ കയറില്ലെന്ന് യാത്രക്കാർ
മൂന്നാർ ഡിപ്പോയിൽ വിവരമറിയിച്ചിട്ടും അഞ്ച് മണിക്കൂറിലേറെ കഴിഞ്ഞാണ് വേറെ ബസ് വന്നത്
ഇടുക്കി: ചാലക്കുടിയിൽ നിന്ന് ഇടുക്കിയിലേക്ക് പോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ ബസ് മാങ്കുളത്ത് വച്ച് കേടായി. മൂന്നാർ ഡിപ്പോയിൽ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് പകരം ബസ് വിട്ടുനൽകിയത്. സ്ത്രീകളും പ്രായമായവരും അടക്കം ബദൽ സംവിധാനമില്ലാതെ പെരുവഴിയിൽ ആയത് മണിക്കൂറുകളാണ്. ചാലക്കുടി ഡിപ്പോയിലെ ബസ് ആണ് വൈകുന്നേരത്തോടെ തകരാറിലായത്.
രാവിലെ നാല് മണിക്ക് യാത്ര തിരിച്ച ഉല്ലാസയാത്രാ ബസ്സാണ് വൈകുന്നേരം അഞ്ച് മണിയോടെ പെരുവഴിയായത്. രാത്രി 10 മണിക്ക് ശേഷം മാത്രമാണ് മറ്റൊരു ബസ് മാങ്കുളത്ത് എത്തിയത്. മുടക്കിയ പണം തിരികെ കിട്ടാതെ ബദലായി ഏർപ്പെടുത്തിയ ബസ്സിൽ കയറില്ലെന്ന് പറഞ്ഞ് യാത്രക്കാർ പ്രതിഷേധിച്ചു. പ്രായമായവരും കുട്ടികളും സ്ത്രീകളുമെല്ലാം ബസ്സിലുണ്ട്. പൊലീസ് സ്ഥലത്തെത്തി യാത്രക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.