പാലക്കാട് സിപിഎമ്മിനും തിരിച്ചടി: ഏരിയാ കമ്മിറ്റിയംഗം പാർട്ടി വിട്ടു; അനുനയ നീക്കവുമായി എൻഎൻ കൃഷ്ണദാസ്

പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ അനുനയ നീക്കവുമായി എൻഎൻ കൃഷ്ണദാസ് ഇദ്ദേഹത്തിൻ്റെ വീട്ടിലെത്തി

Palakkad Byelection 2024 CPIM leader quits party raising criticism against district leaders

പാലക്കാട്: പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. പാർട്ടിയിൽ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനാണ് ശ്രമം.

കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷുക്കൂറിനെ കോൺഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോൺഗ്രസിൻ്റെ കൗൺസിലർ വഴിയായിരുന്നു ശ്രമം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുൾ ഷുക്കൂർ പറഞ്ഞത്.

അതിനിടെ പാലക്കാട്ടെ സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്ന് ഷാനിബ് വ്യക്തമാക്കി. നാമനിർദേശ പത്രിക ഇന്ന് ഉച്ചയ്ക്ക് സമർപ്പിക്കും. ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ അഭ്യർത്ഥന മാനിക്കുന്നു. സരിൻ സഹോദരനെ പോലെയാണ്. പക്ഷെ താനും സരിനും സ്ഥാനാർഥിയായ സാഹചര്യം വ്യത്യസ്തമാണ്. ഒട്ടേറെ കോൺഗ്രസ്സ് പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമാണ് താൻ സ്ഥാനാർഥിയായത്. പാലക്കാട്‌ ബിജെപിയെ വിജയിപ്പിക്കാൻ കോൺഗ്രസിൽ സതീശന്റെ കോക്കസ് ഉണ്ടെന്നും ഷാനിബ് വിമർശിച്ചു. സരിനോട്‌ സംസാരിക്കാൻ തയ്യാറാണെന്നും സരിനെ പാലക്കാട്‌ ജനത ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ഷാനിബ് വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios