പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ ഇടഞ്ഞ് പി സരിൻ

പാലക്കാട് ഉപതെര‍ഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയ കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിൽ ഇടഞ്ഞ് ഡോ പി സരിൻ

P Sarin against Rahul Mamkootathil candidacy in Palakkad by election 2024

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത അതൃപ്തിയിലാണ്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് 11.45 ന് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുമില്ല. മറ്റ് നേതാക്കളെല്ലാം ഫേസ്ബുക്കിൽ രാഹുലിൻ്റെ പടം പങ്കു വെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തോട് എല്ലാം വേണ്ട സമയത്ത് ചെയ്യുമെന്നാണ് സരിൻ പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. എന്നാൽ സിപിഎമ്മിൻ്റെ സ്വാധീന മേഖലയിൽ ജയിക്കാനായില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായത് മുതൽ സരിൻ ഈ മേഖലയിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു. പാലക്കാട് ജില്ലയിൽ നിന്ന് തന്നെയുള്ള സ്ഥാനാ‍ർത്ഥിയുണ്ടാകുമെന്നും തനിക്ക് പരിഗണന കിട്ടുമെന്നുമായിരുന്നു സരിൻ്റെ പ്രതീക്ഷ. ഇന്നലെ രാത്രി വരെ അദ്ദേഹം ഈ പ്രതീക്ഷയിലായിരുന്നു. എന്നാൽ രാഹുലിൻ്റെ സ്ഥാനാ‍ർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ അദ്ദേഹം കടുത്ത നിരാശയിലായി. ഇതോടെയാണ് ഇന്ന് ഉച്ചയ്ക്ക് ഒറ്റയ്ക്ക് വാർത്താ സമ്മേളനം വിളിച്ചത്.
 

Latest Videos
Follow Us:
Download App:
  • android
  • ios