റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് റദ്ദാക്കി

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് മരിച്ചത്.

Kerala reels accident Alvin dies while filming promotional video Drivers license suspended

കോഴിക്കോട്: കോഴിക്കോട് പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർ ഓടിച്ച സാബിത് റഹ്മാന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. ആൽവിനെ ഇടിച്ച ബെൻസ് ജി വാഗൺ സാബിത് ആണ് ഓടിച്ചിരുന്നത്. കൂടെ ഉണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡർ കാർ ഓടിച്ചിരുന്ന റയീസിന്‍റെ ലൈസെൻസ് 6 മാസത്തേക്കും റദ്ദാക്കി. ബെൻസ് കാറിന് ഇൻഷുറൻസും കേരള ടാക്സ് അടച്ച രേഖകളും ഇല്ലായിരുന്നു. രണ്ട് വാഹനങ്ങളും സ്ഥിരം രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചില്ലെന്നും കണ്ടെത്തി. ഇതടക്കമുള്ള നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ പ്രതേക സംഘത്തിന് മോട്ടോർ വാഹന വകുപ്പ് രൂപം നൽകി. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും ആർസി റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ എടുക്കുക.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. 

Also Read: ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലായിരുന്നു ദാരുണാന്ത്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios