വയനാട് പുനരധിവാസം; 'സർക്കാരിന് അമാന്തമില്ല, ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളത്': മന്ത്രി കെ രാജൻ
വയനാട് പുനരധിവാസത്തിൽ സർക്കാരിന് അമാന്തമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.
വയനാട്: വയനാട് പുനരധിവാസത്തിൽ സർക്കാരിന് അമാന്തമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളതെന്നും മന്ത്രി അറിയിച്ചു. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ മുഖ്യമന്ത്രി വിളിക്കുമെന്നും കെ രാജൻ പറഞ്ഞു. എസ്ഡിആർഫിലെ തുക സംബന്ധിച്ച് കോടതി ഇടപെടലോടെ കണക്കുകൾ ബോധ്യമായെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കടൽത്തീരങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ അതിതീവ്രമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.