'കണ്ടിട്ടേ പോകുന്നുള്ളൂ', അർധരാത്രിയിലും അവസാനിക്കാത്ത ആൾക്കൂട്ടം; വിലാപയാത്ര പന്തളത്ത് 18 മണിക്കൂർ പിന്നിട്ടു

രാത്രി വൈകിയും വഴിയുലുടനീളം സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം വൻ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ കാത്തുനിൽക്കുന്നത്.

oommen chandy mourning journey to puthuppally reached in pandalam funeral updates  nbu

പത്തനംതിട്ട: ആള്‍ക്കൂട്ടത്തിൽ അലിഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര. രാത്രി വൈകിയും വഴിയുലുടനീളം സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം വൻ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ കാത്തുനിൽക്കുന്നത്. വഴി നീളെയുള്ള ജനത്തിരക്ക് കാരണം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് സ്വന്തം നാടായ കോട്ടയം പുതുപ്പള്ളിയിലേയ്ക്കുള്ള വിലാപ യാത്ര മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര 18 മണിക്കൂർ പിന്നിടുമ്പോൾ പന്തളത്ത് എത്തിയിട്ടേയുള്ളു. തിരുനക്കര എത്താന്‍ പുലര്‍ച്ചെയാകും എന്നാണ് നേതാക്കള്‍ അറിയിക്കുന്നത്.

സമാനതകളില്ലാത്ത ഒരു അന്ത്യയാത്രാമൊഴിക്കാണ് കേരളം ഇന്നലെ മുതൽ സാക്ഷ്യം വഹിക്കുന്നത്. ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയെ, തങ്ങളുടെ ജനകീയനായ നേതാവിനെ കേരളം എത്ര കണ്ട് ആദരിച്ചിരുന്നു, സ്നേഹിച്ചിരുന്നു, എന്നത് വ്യക്തമാകുന്നതാണ് വഴിനീളെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന്‍റെ കാഴ്ച. അടൂരും കൊട്ടാരക്കരയിലും ഏനാത്തും വികാര നിർഭരമായ രംഗങ്ങളിലൂടെയാണ് വിലാപയാത്ര കടന്നുപോയത്. തിരുവനന്തപുരം ജില്ലയിലെ 20 കിലോമീറ്റർ ദൂരം പിന്നിടാൻ വിലാപയാത്രയ്ക്ക് നാലര മണിക്കൂർ വേണ്ടിവന്നു.

രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പത് മണിയോടെ പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്ക് പ്രവേശിച്ച വാഹനവ്യൂഹം 11 മണിയോടെയാണ് അടൂര്‍ ടൗണിലേക്ക് എത്തിയത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നിന്നത്. ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടമാണ് ഉമ്മൻചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്. പുഷ്‌പാലംകൃത വാഹനത്തിൽ കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളും ഉമ്മൻചാണ്ടിയുടെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. 

Also Read: 'ഉമ്മന്‍ചാണ്ടി ജനമനസ് കീഴടക്കിയ രാജാവ്,ഒരു രാഷ്ട്രീയ നേതാവിനും ഇങ്ങനെയൊരു യാത്രയയപ്പ് കിട്ടിയിട്ടില്ല'; സുധാകരൻ

രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ 18 ന് പുലർച്ചെ 4.25 നാണ് അന്തരിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തേരിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും സംസ്കാരം. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടി അന്തരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios