സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; അവസാന പ്രവൃത്തി ദിനം ഇന്ന്
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ സുപ്രീം കോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന്. ഞായറാഴ്ച്ചയാണ് ചീഫ് ജസ്റ്റിസിൻ്റെ കാലാവധി അവസാനിക്കുക.
ദില്ലി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ സുപ്രീം കോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന്. ഞായറാഴ്ച്ചയാണ് ചീഫ് ജസ്റ്റിസിൻ്റെ കാലാവധി അവസാനിക്കുക. വിരമിക്കലിന്റെ ഭാഗമായി ഇന്ന് സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിന് ജഡ്ജിമാരും അഭിഭാഷകരും ചേർന്ന് യാത്രയയപ്പ് നൽകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇതിനായി പ്രത്യേക ബെഞ്ച് കൂടും. വൈകുന്നേരം അഭിഭാഷക കൂട്ടായ്മയുടെ യാത്രയയപ്പും ഉണ്ടാകും. 2022 നവംബർ പത്തിനാണ് ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റത്.
2016 മെയ് 13-നായിരുന്നു ഡി.വൈ. ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയിൽ ആയിരുന്നു സേവനം. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.