ജീവനെടുത്ത് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് നാല് മരണം
കൊല്ലം ചെറിയ വെളിനെല്ലൂർ സ്വദേശി അബ്ദുൽ സലാം ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.
കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. കൊല്ലം ചെറിയ വെളിനെല്ലൂർ സ്വദേശി അബ്ദുൽ സലാം ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിയിലിരിക്കെ രോഗം ഗുരുതരമായി. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്ത കൊവിഡ് മരണമാണിത്.
കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി മൂന്ന് പേർ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചിരുന്നു. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച മൂന്ന് പേരും മറ്റ് രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു. തൃക്കരിപ്പൂർ ആയിറ്റി സ്വദേശി എപി അബ്ദുൾ ഖാദർ (62) ആണ് കാസർകോട് ഇന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കാൻസർ ബാധിതനായിരുന്ന ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയും (63) ഇന്ന് മരിച്ചു. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവർക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ഇന്ന് രാവിലെ മരിച്ചു. 70 വയസുള്ള ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അതേസമയം, ആലുവയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്നലെമരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ യുസി കോളേജ് കടപ്പിള്ളി വളവിൻമാലിൽ സതി (64) ആണ് മരിച്ചത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക റിലീസ് പ്രകാരം 84 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കണക്കനുസരിച്ച് മരിച്ചവരിൽ 70 ശതമാനം പേരും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്.