പാക്കിസ്ഥാനിലടക്കം ലോകത്ത് 50 കേസ്, നമ്മുടെ കുട്ടികളെ സംരക്ഷിക്കണം, പ്രതിരോധ വാക്സിനിൽ പോളിയോ തടയാം: മന്ത്രി

ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്, വാക്സിനേഷനിലുടെ നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് മന്ത്രി

October 24 World Polio Day vaccine can prevent polio says minister veena george

തിരുവനന്തപുരം: നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ലോകത്ത് പുതുതായി 50 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല സ്വീവേജ് സര്‍വൈലന്‍സ് പഠനങ്ങളിലും ലോകത്ത് പല രാജ്യങ്ങളിലും പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും തടയാന്‍ പ്രതിരോധം വളരെ പ്രധാനമാണ്. 

പോളിയോ വാക്‌സിന്‍ എടുക്കുന്നതിലൂടെ പോളിയോ രോഗത്തെ തടയാനാകും. എല്ലാ വര്‍ഷവും പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി നടത്താറുണ്ട്. ഇത് കൂടാതെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോളിയോ വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്. എല്ലാ കുട്ടികള്‍ക്കും ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരമുള്ള പോളിയോ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 24നാണ് ലോക പോളിയോ ദിനം ആചരിക്കുന്നത്. പോളിയോ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും പോളിയോ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. പോളിയോ വൈറസ് ബാധിച്ചുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് പോളിയോ. ഇത് കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. പോളിയോ ബാധിച്ചാല്‍ പരാലിസിസ് ഉണ്ടാകാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാം.

കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ വാക്‌സിന്‍ നല്‍കുന്നത്. തുള്ളിമരുന്ന്, കുത്തിവയ്പ്പ് എന്നിങ്ങനെ രണ്ട് തരം പോളിയോ വാക്‌സിനാണുള്ളത്. 5 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൃത്യമായി വാക്‌സിന്‍ നല്‍കുന്നതിലൂടെ പോളിയോ രോഗം തടഞ്ഞ് അംഗവൈകല്യം ഒഴിവാക്കാനാകുമെന്നും മന്ത്രി പറ‍ഞ്ഞു.

ക്ഷീണം, പനി, വയറിളക്കം, കൈകാൽ വേദന..; അഫ്​ഗാനിൽ അജ്ഞാത രോ​ഗം പടരുന്നു, 500ലേറെപ്പേർക്ക് ​രോ​ഗബാധ, രണ്ട് മരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios