രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു; വിഡി സതീശന് വിമ‍ർശനം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിൻ്റെ ഡ‍ിഎംകെ പിന്തുണയുള്ള സ്ഥാനാർത്ഥി മത്സരിക്കില്ല. പകരം യു‍ഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കും

PV Anvar announces support to Rahul Mamkootathil at Palakkad Byelection 2024

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ കുറ്റപ്പെടുത്തി.

ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചത്. വയനാട് രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ കൊടിപോലും ഒഴിവാക്കി മുസ്‌ലിം ലീഗ് ത്യാഗം ചെയ്തു. മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഡി.എം.കെ സർവേ നടത്തി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല. സരിൻ്റെ സ്ഥാനാർത്ഥിത്വം കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്നും വോട്ടു ബി.ജെ.പിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടർമാർക്ക് യു.ഡി.എഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബി.ജെ.പിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടർമാരെ കബളിപ്പിക്കുകയാണ്. കോൺഗ്രസുകാരെക്കാളും സഹായിക്കുന്നത് ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറാണെന്നും മുസ്ലീം വോട്ടർമാർ പറയുന്നതാണ് സർവേ ഫലം. രാഹുൽ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കാല് പിടിച്ച് പറയുകയാണ്. ഇല്ലങ്കിൽ സ്ഥിതി മോശമാവും. ചേലക്കരയിൽ ഡി.എം.കെ. ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാൻ എൻ.കെ.സുധീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് യു.ഡി.എഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നും അൻവർ വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios