നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

നാഗർകോവിലിൽ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ കൊല്ലം സ്വദേശി ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു

mother in law of mallayali teacher commit suicide in Nagarkovil dies

തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ പറഞ്ഞത്.

തമിഴ്നാട് വൈദ്യുതി വകുപ്പിൽ എഞ്ചിനിയർ ആയ പിറവന്തൂർ സ്വദേശി ബാബുവിൻ്റെ മകളായിരുന്നു മരിച്ച ശ്രുതി. സ്വകാര്യ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്നു ശ്രുതി. നാഗർകോവിൽ സ്വദേശി കാർത്തികുമായി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാർത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നൽകിയിരുന്നു. സ്തീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയാണ് ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം പോരടിച്ചിരുന്നു. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ചെമ്പകവല്ലി നിർബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണിൽ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. അമ്മയുടെ കുത്തുവാക്കുകൾക്ക് മുന്നിൽ കാർത്തിക് നിശബ്ദനായിരുന്നു എന്നും ശ്രുതി കുറ്റപ്പെടുത്തിയിരുന്നു.

ചെമ്പകവല്ലി കുത്തുവാക്ക് പറയുന്നതായി ശ്രുതി പലപ്പോഴും പരാതിപ്പെട്ടിരുന്നെങ്കിലും ഭർത്താവുമായി ഒത്തുപോകാനാണ് വീട്ടുകാർ നിർദ്ദേശിച്ചത്. ഇത്രയും  കൊടിയ പീഡനം ശ്രുതി നേരിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും കുടുബം പറഞ്ഞു. ശ്രുതിയുടെ മരണത്തിന് തൊട്ടുപിന്നാലെ സംഭവം വാർത്തയായതോടെയാണ് ചെമ്പകവല്ലി ആത്മഹത്യക്ക് ശ്രമിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Latest Videos
Follow Us:
Download App:
  • android
  • ios