മലയാളി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; വേണ്ട ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. 

malayali nurse died in up during covid

കൊല്ലം: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സ് മതിയായ ചികിത്സ കിട്ടാതെ മരിച്ചെന്ന് കുടുംബത്തിന്‍റെ പരാതി. കൊട്ടാരക്കര നെട്ടയം സ്വദേശിനി രഞ്ജുവിന്‍റെ കുടുംബമാണ് രഞ്ജു ജോലി ചെയ്തിരുന്ന ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചത്. രോഗക്കിടക്കയില്‍ നിന്ന് രഞ്ജു അയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് ആശുപത്രിയുടെ ചികിത്സ വീഴ്ചയ്ക്ക് തെളിവായി കുടുംബം ഉയര്‍ത്തിക്കാട്ടുന്നത്.

ഏപ്രില്‍ 17ന് കൊവിഡ് ബാധിതയായി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറിയ ഘട്ടം മുതല്‍ രഞ്ജുവിന് മതിയായ ചികിത്സ കിട്ടിയില്ലെന്നതിന് തെളിവായാണ് രഞ്ജു അയച്ച് വാട്സാപ്പ് സന്ദേശങ്ങള്‍ കുടുംബം ഉയര്‍ത്തിക്കാട്ടുന്നത്. ന്യുമോണിയ ബാധിച്ച് തീരെ അവശയായ ഘട്ടത്തില്‍ മാത്രമാണ് ഐസിയുവിലേക്കും വെന്‍റിലേറ്ററിലേക്കും രഞ്ജുവിനെ മാറ്റാന്‍ ആശുപത്രി മാനേജ്മെന്‍റ് തയാറായതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. രോഗവിവരങ്ങള്‍ കുടുംബവുമായി പങ്കുവച്ചില്ലെന്നും പരാതിയുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 29 വയസുകാരിയായ രഞ്ജു ഒരുമാസം മുമ്പ് മാത്രമാണ് ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിയില്‍ ജോലിയില്‍ ചേര്‍ന്നത്. ജോലിയില്‍ ചേര്‍ന്ന് രണ്ടാഴ്ചയ്ക്കകം കൊവിഡ് ബാധിതയായി. ലോക നഴ്സസ് ദിനത്തില്‍ തന്നെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വച്ചേറ്റ രോഗബാധയുടെ ഇരയായി രഞ്ജു മരിച്ചുവെന്നതും മറ്റൊരു യാദൃശ്ചികതയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios