ത്രിവർണ ചന്ദ്രിക മുതൽ ഭാരത് ചന്ദ്രൻ ISRO വരെ... വൈറൽ തലക്കെട്ടുകളിൽ ചന്ദ്രയാൻ 3

അപൂര്‍വ നേട്ടത്തെ ദേശീയ പതാകയുടെ നിറങ്ങളാലാണ് മിക്കവാറും എല്ലാ പത്രങ്ങളും അടയാളപ്പെടുത്തിയത്

malayalam news papers celebrates Chandrayaan 3 success with visible and cool way

തിരുവനന്തപുരം: ചന്ദ്രനെ തൊട്ട് ചന്ദ്രയാന്‍ രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിയത് ആഘോഷമാക്കി മലയാള മാധ്യമങ്ങളും. മലയാളത്തിലെ പ്രധാന പത്രങ്ങളെല്ലാം ആദ്യ പേജ് പൂര്‍ണമായി ചന്ദ്രനെ ഇന്ത്യ കാല്‍ക്കീഴിലാക്കിയതിന്‍റെ വാര്‍ത്തയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. 'ഇന്ദു തൊട്ട് ഇന്ത്യ', ഭാരത് ചന്ദ്രന്‍ ISRO,'ഇന്ത്യയാന്‍', 'ഭാരതചന്ദ്രിക', 'ത്രിവര്‍ണ നിലാവ്' എന്നിങ്ങനെ ആകര്‍ഷകമായ തലക്കെട്ട് നല്‍കുന്ന കാര്യത്തിലും പത്രങ്ങള്‍ തമ്മില്‍ കടുത്ത മത്സരമായിരുന്നു.

ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ സംഭവം ഇന്ത്യക്കാരെ സംബന്ധിച്ച് അഭിമാനം ചന്ദ്രനോളമെത്തിയ ചരിത്ര നിമിഷമാണ്. ഈ അപൂര്‍വ നേട്ടത്തെ ദേശീയ പതാകയുടെ നിറങ്ങളാലാണ് മിക്കവാറും എല്ലാ പത്രങ്ങളും അടയാളപ്പെടുത്തിയത്. 'ഭാരത് ചന്ദ്രന്‍ ISRO'എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. വിജയഘട്ടങ്ങള്‍ ഏതെല്ലാമെന്ന് വിശദീകരിച്ചിട്ടുണ്ട്. പതിവുപോലെ ഗ്രാഫിക്സിന്‍റെ സഹായത്തോടെയാണ് വിജയവഴികള്‍ മനോരമ വിശദീകരിച്ചത്. ഒപ്പം ചന്ദ്രനില്‍ സോഫ്റ്റ്‍ലാന്‍ഡ് ചെയ്യുന്ന നാലാമത്തേതും ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാണെന്നുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.

'ഇന്ദു തൊട്ട് ഇന്ത്യ' എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. ചന്ദ്രയാന്‍റെ ചിത്രത്തിനൊപ്പം ദേശീയ പതാകയും നല്‍കി. ഒപ്പം ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രവും ഉള്‍പ്പെടുത്തി. മനുഷ്യരാശിയുടെ വിജയം എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും ആദ്യ പേജിലുണ്ട്. 'ഇന്ത്യയാന്‍' എന്നാണ് ദേശാഭിമാനിയുടെ തലക്കെട്ട്. ത്രിവര്‍ണ നിറത്തിലാണ് തലക്കെട്ട്. 'ലോകമേ... ആകാശമേ... സാഗരങ്ങളേ... കൊടുമുടികളേ... ഇതാ ഇന്ത്യ, ഇതാ ചന്ദ്രയാന്‍' എന്നിങ്ങനെ ആവേശം കൊള്ളിക്കുന്ന വാക്കുകളും ഉള്‍പ്പെടുത്തി. 'ത്രിവര്‍ണ ചന്ദ്രിക' എന്നാണ് ചന്ദ്രികയുടെ തലക്കെട്ട്. ദേശീയപതാകയുടെ നിറത്തിലാണ് തലക്കെട്ട് തയ്യാറാക്കിയിരിക്കുന്നതും.

'ഭാരതചന്ദ്രിക' എന്നാണ് കേരള കൌമുദിയുടെ തലക്കെട്ട്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യം എന്ന വിവരം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. 'ത്രിവര്‍ണ നിലാവ്' എന്നാണ് മാധ്യമത്തിന്‍റെ തലക്കെട്ട്. 'ചന്ദ്രനില്‍ ഇന്ത്യയുടെ വിജയക്കൊടി' എന്ന തലക്കെട്ടിന് താഴെ ലാന്‍ഡിങ്ങിന്‍റെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നു. 'സൂര്യതേജസ്സോടെ ഇന്ത്യ ചന്ദ്രനില്‍' എന്നാണ് മംഗളത്തിന്‍റെ തലക്കെട്ട്. മിക്ക പത്രങ്ങളും ചന്ദ്രയാന്‍റെ ലാന്‍ഡിങ്ങിന്‍റെ ചിത്രവും വിജയവഴിയുടെ ഗ്രാഫിക്സും നല്‍കിയപ്പോള്‍ മംഗളം ചന്ദ്രയാന്‍റെ ചിത്രത്തിനൊപ്പം ദൌത്യവിജയം പ്രഖ്യാപിക്കുന്ന ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥിന്‍റെ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.

ചന്ദ്രയാൻ മൂന്ന് ലാൻഡിങ്ങ് വിജയത്തിന്‍റെ ആഘോഷത്തിലാണ് രാജ്യമുള്ളത്. ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചത് പോലെ തന്നെ ഓഗസ്റ്റ് 23 ന് വൈകീട്ട് 6.03നായിരുന്നു ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയത്. മണിക്കൂറുകള്‍ക്ക് പിന്നാലെ ചന്ദ്രയാൻ 3ന്റെ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ഇന്ത്യൻ മുദ്രയും അശോക സ്തംഭത്തിന്‍റെ മുദ്രയും ചന്ദ്രനിൽ പതിഞ്ഞു. പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകുമെന്നാണ് ഐഎസ്ആര്‍ഒ വിശദമാക്കുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത്. സോഫ്റ്റ് ലാൻഡിങ്ങ് വിജയമായതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദനങ്ങളിൽ പൊതിയുകയാണ് ആഗോള ബഹിരാകാനാശ ഏജൻസികൾ. റഷ്യയും നേപ്പാളും യുഎസും യുഎഇയും അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ചന്ദ്രയാൻ 3 ന്‍റെ വിജയത്തിൽ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പ്രതികരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios