കോവളം-ബേക്കൽ ജലപാത: കാഞ്ഞങ്ങാട് കൃത്രിമ കനാലിനെതിരെ വീണ്ടും പ്രതിഷേധം, ഉപ്പുവെള്ളം നിറയുമെന്ന് പരാതി
ആലപ്പുഴ കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതി ചെയര്‍മാന്‍ എസ് സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കോവളം- ബേക്കല്‍ ജലപാതയുടെ ഭാഗമായി കാഞ്ഞങ്ങാട് മേഖലയില്‍ നിര്‍മ്മിക്കുന്ന കൃത്രിമ കനാലിനെതിരെ വീണ്ടും പ്രതിഷേധം. പ്രതിഷേധവുമായുള്ള ജനകീയ കണ്‍വന്‍ഷനില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനും പങ്കെടുത്തു. അരയിപ്പുഴ മുതല്‍ ചിത്താരി വരെ ജനവാസ മേഖലയില്‍ നിര്‍മ്മിക്കുന്ന കൃത്രിമ കനാലിനെതിരെയാണ് പ്രതിഷേധം. പ്രതിഷധക്കാര്‍ കാഞ്ഞങ്ങാട്ട് പ്രതിഷേധ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.
ആലപ്പുഴ കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതി ചെയര്‍മാന്‍ എസ് സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനും പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചു. സാമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്താതെയാണ് കനാലിന്റെ വഴി തെരഞ്ഞെടുത്തത് എന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. സാമ്പത്തിക സര്‍വ്വേ നടത്തിയിട്ടില്ലെന്നും സമര സമിതി കുറ്റപ്പെടുത്തുന്നു.
ആകെ 30 മീറ്റര്‍ വീതിയില്‍ എട്ട് മീറ്റര്‍ താഴ്ചയിലാണ് കൃത്രിമ കനാല് നിര്‍മ്മിക്കുന്നത്. 106 ഏക്കര്‍ പ്രദേശത്ത് 73 കെട്ടിടങ്ങള്‍ പദ്ധതിക്ക് വേണ്ടി പൊളിക്കേണ്ടി വരുമെന്നാണ് കണക്ക്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. അരയിപ്പുഴ, ചിത്താരിപ്പുഴ എന്നിവിടങ്ങളില്‍ ഉപ്പുവെള്ളം ആണെന്നും ഈ വെള്ളം പദ്ധതി പ്രദേശത്ത് എത്തിയാൽ ഇവിടെ താമസിക്കുന്ന ജനങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കനാല്‍ കോട്ടപ്പുറത്ത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.