കൊച്ചി മേയർ എം അനിൽ കുമാറിന്റെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു; സൈബർ സെല്ലിൽ പരാതി
ഫെയ്സ്ബുക്കിൽ മേയറുടെ പേരിലുള്ള വ്യക്തിഗത വെരിഫൈഡ് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്
കൊച്ചി: കൊച്ചി കോർപറേഷൻ മേയറും സിപിഎം നേതാവുമായ അഡ്വ എം അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേയർ കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി. ഫെയ്സ്ബുക്കിൽ മേയറുടെ പേരിലുള്ള വ്യക്തിഗത വെരിഫൈഡ് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ വിദേശിയായ മറ്റൊരാളുടെയും കുട്ടിയുടെയും യുവതിയുടെയും ചിത്രങ്ങൾ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ഫിലിപ്പൈൻസിൽ നിന്നാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് മേയർ പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. സെപ്തംബർ 28 നാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്നലെയാണ് പേജിൽ മറ്റാരുടെയോ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ഇത് സംബന്ധിച്ച് മേയർ നൽകിയ വിശദീകരണം ഇങ്ങനെ
എന്റെ ഒഫിഷ്യൽ വെരിഫൈഡ് ഫേസ്ബുക്ക് പേജ് (M.Anilkumar ) സെപ്റ്റംബർ 28 മുതൽ ഹാക്ക് ചെയ്യപെട്ടിട്ടുണ്ട് . വിവരം അറിഞ്ഞ ഉടനെ തന്നെ കേരള സൈബർ ക്രൈം ഡിപാർട്ട്മെന്റിലും ഫേസ് ബുക്ക് ഓഫിഷ്യൽസിനും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. പേജ് തിരിച്ചു കിട്ടുന്നതിന് വേണ്ടി ടീം പരമാവധി പരിശ്രമിക്കുന്നുണ്ട്. പേജ് തിരിച്ചു കിട്ടുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുന്നതാണ്. സെപ്തംബർ 28 മുതൽ ഫേസ്ബുക്കിൽ വന്നിട്ടുളള പോസ്റ്റുകളോ മെസേജുകളോ ഞാനോ എന്റെ ഓഫീസിൽ നിന്നോ ഉള്ളതല്ല. അത്തരം സന്ദേശങ്ങളോ പോസ്റ്റുകളോ ശ്രദ്ധയിൽ പെട്ടാൽ അവഗണിക്കണമെന്നും ഓഫീസുമായി അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.