വകുപ്പുകൾ തമ്മിലെ വടംവലി അവസാനിച്ചു; കൊച്ചി - ധനുഷ്കോടി പാതയിൽ മരങ്ങൾ മുറിച്ചുമാറ്റി
കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ദേവികുളം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് മൂന്നരക്കിലോമീറ്ററോളം വനഭൂമിയിലൂടെയാണ് കടന്നു പോകുന്നത്
കൊച്ചി: വകുപ്പുകൾ തമ്മിലുള്ള വടം വലിക്കൊടുവിൽ കൊച്ചി - ധനുഷ്കോടി ദേശീയ പാത നിർമ്മാണത്തിനു തടസ്സമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റി. മൂന്നാർ മുതൽ ബോഡിമെട്ടു വരെയുള്ള ഭാഗത്ത് മൂന്നിടത്തായി നിന്നിരുന്ന മരങ്ങളാണ് വനം വകുപ്പ് അനുമതി നൽകിയതിനെ തുടർന്ന് മുറിച്ചു മാറ്റിയത്.
കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ദേവികുളം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് മൂന്നരക്കിലോമീറ്ററോളം വനഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. ദേവികുളത്ത് രണ്ടു കിലോമീറ്ററും ഗ്യാപ്പ് റോഡ്, ആനയിറങ്കൽ എന്നിവടങ്ങളിലായി 600 മീറ്റർ വീതവുമാണിത്. ഈ വനഭൂമി വിട്ടു കിട്ടുന്നതിനും മരങ്ങൾ മുറിച്ചു നീക്കുന്നതിനും മൂന്നു വർഷം മുമ്പാണ് നടപടികൾ തുടങ്ങിയത്. വനം വകുപ്പ് അനുമതി ലഭിച്ചതോടെ ഈ ഭാഗത്തെ 1500 മരങ്ങൾ മുറിച്ചു നീക്കുന്നത് അവസാന ഘട്ടത്തിലെത്തി. നാലു കലുങ്കുകൾ നിർമ്മിക്കേണ്ട സ്ഥലത്തെ മരങ്ങളാണ് ആദ്യം മുറിച്ചു നീക്കിയത്. 45 ലക്ഷം രൂപക്കാണ് മരങ്ങൾ മുറിച്ചു നീക്കാൻ കരാർ നൽകിയിരിക്കുന്നത്.
സ്ഥലത്തിനും മരങ്ങൾക്കും പകരം വനവത്ക്കരണത്തിനുമായി ആറു കോടി രൂപയാണ് വനംവകുപ്പ് നിശ്ചയിച്ചിരുന്നത്. ഈ തുക നേരത്തെ തന്നെ ദേശീയപാത വിഭാഗം അടച്ചിരുന്നു. ഈ തുകയിൽ ഒരു ഭാഗം ഉപയോഗിച്ച് കാട്ടാന ശല്യം തടയാൻ അണ്ടർപാസ് അടക്കമുള്ളവ നിർമ്മിക്കും. നഷ്ടപ്പെടുന്ന വനത്തിന് പകരം മരം വച്ചു പിടിപ്പിക്കാൻ ചിന്നക്കനാലിൽ ഒന്നര ഹെക്ടർ സ്ഥലം ചൊവ്വാഴ്ചയാണ് റവന്യൂ വകുപ്പ് കൈമാറിയത്. ബുധനാഴ്ച ദേശീയ പാത വികസനത്തിന് ആവശ്യമായ സ്ഥലം വനംവകുപ്പും വിട്ടു നൽകി. രണ്ടായിരത്തി പതിനേഴ് ഓഗസ്റ്റിൽ തുടങ്ങിയ പണികൾ വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം നാലര വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.