എഡിഎമ്മിൻ്റെ മരണം ആത്മഹത്യയല്ലെന്ന് കെകെ രമ എംഎൽഎ; 'കേരളത്തിന് പുറത്ത് നിന്നുള്ള ഏജൻസി അന്വേഷിക്കണം'

എഡിഎമ്മിൻ്റെ ബന്ധുക്കൾ ഇപ്പോഴും പൊലീസ് അന്വേഷണത്തിൽ വിശ്വസിക്കുന്നുവെന്നും എന്നാൽ സിപിഎം ദിവ്യയെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും കെകെ രമ എംഎൽഎ

KK Rema MLA raises serious doubts over ADM death says it might not be suicide

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് കെകെ രമ എംഎൽഎ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമർശിച്ചു. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ നവീൻ ബാബുവിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷമായിരുന്നു പ്രതികരണം.

ടി.പി.ചന്ദ്രശേഖരൻ കേസിലടക്കം പ്രതികൾക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നതെന്ന് രമ ചൂണ്ടിക്കാട്ടി. എഡിഎമ്മിനെ വാഹനത്തിൽ കൊണ്ടുപോയി ഇറക്കി വിട്ടു എന്നാണ് ഡ്രൈവർ പറഞ്ഞത്. എഡിഎം സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ട്. ഈ സുഹൃത്തിൻറെ ഫോൺ കോളുകൾ പരിശോധിച്ചോ? ഇത് ആത്മഹത്യയാണ് എന്ന് നമുക്ക് വിശ്വസിക്കാൻ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു.

ദിവ്യയുടെ സംസാരം ഒരു പെട്രോൾ പമ്പിന് എൻഒസി കിട്ടാത്തത് കൊണ്ടാണെന്ന് കരുതുന്നില്ലെന്നും രമ പറ‌ഞ്ഞു. മറ്റെന്തോ ലക്ഷ്യം ദിവ്യയുടെ സംസാരത്തിലുണ്ട്. മറ്റെന്തോ കാര്യം നവീൻ ബാബുവിൻ്റെ ഇടപെടലിൽ അവർക്ക് സാധിക്കാതെ പോയിട്ടുണ്ട്. കേരളത്തിലെ പോലീസ് അന്വേഷിച്ചാൽ കേസ് തെളിയില്ല. ആർഎംപി ഇക്കാര്യം ബന്ധുക്കളോട് സംസാരിച്ചു. എന്നാൽ അവർ പൊലീസിനെ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. പുറത്ത് നിന്നുള്ള ഏജൻസി കേസിൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
 

Latest Videos
Follow Us:
Download App:
  • android
  • ios