തീരദേശ ജല ഗുണനിലവാര സൂചിക; കേരളത്തെ വെല്ലാൻ ആളില്ല, ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് കണക്കുകൾ
ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതിൽ പറയുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
CWQI അഥവാ കനേഡിയൻ വാട്ടർ ക്വാളിറ്റി ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ജലസാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ ശുചിത്വത്തിൽ കേരളം ഏറെ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീരമേഖലയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്.
74 ആയിരുന്നു കേരളത്തിന് ലഭിച്ച CWQI സ്‌കോർ. രണ്ടാം സ്ഥാനത്തുള്ള കർണാടകയുടെ സ്‌കോർ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്കോർ 60 ഉം ആണ്. തീരമേഖലയിൽനിന്ന് 5 കിലോ മീറ്റർ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം ബഹുദൂരം മുന്നിലാണ്. 79 പോയിന്റാണ് ഇതിൽ കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കർണാടകത്തിന് 73 പോയിന്റാണ്. 67 പോയിന്റുകളുമായി തമിഴ്നാടും ഗോവയുമാണ് മൂന്നാമത്.
കേരളത്തിന്റെ തീരദേശ ജലം ഇന്ത്യയിലെ മറ്റേതൊരു തീരത്തിലെ ജലത്തേക്കാളും മികച്ചതാണെന്ന് റിപ്പോർട്ട് പറയുന്നു. മൺസൂൺ കാലത്ത് ശുദ്ധജല ലഭ്യത കൂടുന്നതുകൊണ്ടാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വർധിക്കുന്നത് എന്നാണ് കരുതുന്നത്. ശുദ്ധജലലഭ്യത വർധിക്കുന്നത് കടൽ തീരമേഖലയിലെ മലിന പദാർത്ഥങ്ങളെ കൂടുതൽ നേർപ്പിക്കുന്നുണ്ട്.
ഭൗതികഘടകങ്ങൾ, ജൈവവസ്തുക്കൾ, രാസവസ്തുക്കൾ സൂക്ഷ്മജീവികൾ എന്നിവയുടെ അളവുകൾ കണക്കാക്കിയാണ് ജലശുചിത്വ പട്ടിക തയാറാക്കുക. 2020 - 21 കാലഘട്ടം മുതൽ കേരളം തീരമേഖലയുടെ ശുചിത്വത്തിന്റെ കാര്യത്തിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണ്. അതേസമയം തീരശോഷണമാണ് നമ്മുടെ തീരമേഖല നേരിടുന്ന പ്രധാന വെല്ലുവിളി.