ഹൈക്കോടതിയുടെ ചരിത്രതീരുമാനം; ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് വനിതാ എന്‍സിസിയില്‍ ചേരാം

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് അവര്‍ സ്വയം വിശേഷിപ്പിക്കുന്നവിഭാഗത്തില്‍ എന്‍സിസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ പ്രാപ്തമാകുന്നത്

kerala hc grants permission to Transgender Woman to join women wing of NCC

കൊച്ചി: വനിതാ വിഭാഗം എന്‍സിസിയില്‍ ചേരാന്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് അനുമതി നല്‍കി കേരള ഹൈക്കോടതി. ഹിന ഹനീഫ എന്ന ഇരുപത്തിയൊന്നുകാരിയുടെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. വനിതാ വിഭാഗം എന്‍സിസിയില്‍ ചേരുന്നതില്‍ വിലക്കിയ തീരുമാനത്തിനെതിയാണ് ഹിന കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനു ശിവരാമനാണ് നിര്‍ണായകമായ ഉത്തരവിട്ടത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് അവര്‍ സ്വയം വിശേഷിപ്പിക്കുന്നവിഭാഗത്തില്‍ എന്‍സിസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ പ്രാപ്തമാകുന്നത്.

ലിംഗവ്യത്യാസം വരുത്തി പിന്നീട് ചേരാനാകില്ലെന്ന എന്‍സിസിയുടെ വാദം കോടതി തള്ളി. 1948ലെ എന്‍സിസി ആക്ടിലെ 6ാം സെക്ഷനെതിരെയാണ് ഹിന കോടതിയെ സമീപിച്ചത്. എന്‍സിസിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന പ്രതിരോധ മന്ത്രാലയം ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയെ എന്‍സിസിയില്‍ ചേരാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മലപ്പുറം സ്വദേശിയായ ഹിന മൂന്ന് സഹോദരിമാരുടെ ഏക സഹോദരനായാണ് ജനിച്ചത്. സ്കൂള്‍ കാലഘട്ടത്തില്‍ എന്‍സിസിയുടെ ജൂനിയര്‍ വിഭാഗത്തില്‍ പുരുഷ വിഭാഗത്തിലാണ് ഹിന പ്രവര്‍ത്തിച്ചത്. പത്താംക്ലാസില്‍ വച്ച് എന്‍സിസിയുടെ എ സര്‍ട്ടിഫിക്കറ്റ് പരീക്ഷയും ഹിന പൂര്‍ത്തിയാക്കിയിരുന്നു.

പത്തൊമ്പതാം വയസിലാണ് ട്രാന്‍സ് വ്യക്തിത്വം ഹിന തിരിച്ചറിഞ്ഞ് അംഗീകരിച്ചത്. വീട് വിട്ട് ബെംഗലുരുവിലെത്തിയ ഹിന രുപതാ വയസ്സില്‍ സെക്സ് റീഅസൈന്‍മെന്‍റ് ശസ്ത്രക്രിയയ്ക്ക് വിധേയ ആവുകയായിരുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്ന ഹിനയ്ക്ക് എന്‍സിസിയില്‍ ചേരണമെന്ന ആഗ്രഹത്തിന് വെല്ലുവിളികള്‍ ഏറെയായിരുന്നു.  2019 ഒക്ടോബറില്‍ കോളേജിലെ എന്‍സിസി യൂണിറ്റിലും തിരുവനന്തപുരത്തെ എന്‍സിസി കമാന്‍ഡിംഗ് ഓഫീസര്‍ക്കും എന്‍സിസിയില്‍ വനിതാ വിഭാഗത്തില്‍ ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷ സ്വീകരിക്കാതെ വന്നതോടെയാണ് ഹിന കോടതിയെ സമീപിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios