Asianet News MalayalamAsianet News Malayalam

ആമയിഴഞ്ചാൻ തോട് ദുരന്തം: അമിക്കസ് ക്യൂറി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

സംഭവത്തിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ കോര്‍പറേഷനും ഹൈക്കോടതി നിര്‍ദ്ദേശം നൽകി

Kerala HC appoints amicus curiae to submit report on Amayizhanjan disaster
Author
First Published Jul 15, 2024, 4:59 PM IST | Last Updated Jul 15, 2024, 5:03 PM IST

കൊച്ചി: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ. കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പൽ കോര്‍പറേഷനും റെയിൽവേയും ചേര്‍ന്ന് ഈ മാസം 19 ന് മുൻപ് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.

സംഭവത്തിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ കോര്‍പറേഷനും ഹൈക്കോടതി നിര്‍ദ്ദേശം നൽകി. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. മാലിന്യം തള്ളാതിരിക്കാനുള്ള  നിർമ്മിതികൾ നടത്തിയിരുന്നുവെന്ന് റെയിൽവേ ഇന്ന് കേസ് പരിഗണിച്ചപ്പോൾ വാദിച്ചു. റെയിൽവേയുടെ സ്ഥലത്തിന് പുറത്തും മാലിന്യം നിറഞ്ഞ് കടക്കുന്ന അവസ്ഥയാണെന്നും റെയിൽവെ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സ്ഥലം സന്ദര്‍ശിക്കാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്.

ജോയിയുടെ മരണം  നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ  സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. വർഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്‍റെ  കറുത്ത നിറത്തിന്‍റെ  കാരണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ബ്രഹ്മപുരം കേസ് പരിഗണിച്ച ബെഞ്ച് പിന്നീട് സംസ്ഥാനത്തെ പൊതുവായ മാലിന്യപ്രശ്നങ്ങളും പരിശോധിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios