Asianet News MalayalamAsianet News Malayalam

ആറാം തവണ ലോറിയിൽ കൊളുത്തി; രണ്ടു ടയറുകൾ ഉയർത്തി മൽപേ, അർജുൻ്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ്

ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറി ഉയർത്താനാണ് ശ്രമം. എന്നാൽ ഇതുവരെ ക്യാബിൻ ഉയർത്തിയിട്ടില്ല. 60 ടൺ ഭാരം വരെ ഡ്രഡ്ജറിന്റെ ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്താൻ കഴിയും. അതിന് മുകളിൽ ഭാരം വരില്ലെന്നാണ് കണക്കാക്കുന്നത്. നാലു വടങ്ങൾ ക്യാബിനിൽ കെട്ടിയാൽ മാത്രമേ ഉയർത്താൻ കഴിയൂ. 
 

shirur landslides arjun third  mission found two tires of lorry
Author
First Published Sep 21, 2024, 4:55 PM IST | Last Updated Sep 21, 2024, 6:17 PM IST

മംഗലാപുരം: ഷിരൂരിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ നിർ‌ണായക ഘട്ടത്തിൽ. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ഈശ്വർ മൽപെ കണ്ടെത്തിയ ലോറിയുടെ ഭാ​ഗങ്ങൾ പുറത്തെത്തിച്ചു. പരിശോധനയിൽ കണ്ടെത്തിയ രണ്ടു ടയർ ഉയർത്തിയിട്ടുണ്ട്. ഇവയ്ക്ക് നടുവിൽ ഒരു ആക്സിലും കാണാം. ഇത് ചുവന്ന നിറത്തിൽ ഉള്ളതാണ്. എന്നാൽ ഇത് അർജുന്റെ ലോറിയുടേത് അല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്. അർജുന്റെ ലോറിയുടെ താഴെയുള്ള നിറം കറുപ്പാണെന്നും കണ്ടെത്തിയത് ഓറഞ്ച് നിറം ആണെന്നും മനാഫ് വ്യക്തമാക്കി. 

പുറത്തെത്തിച്ച ഭാഗം ടാങ്കറിൻ്റേത് ആണ്. ലോറിയുടേത് അല്ലെന്നാണ് കണക്കാക്കുന്നത്. നേരത്തെ ഒരു ടാങ്കർ ലോറിയും കാണാതായിരുന്നു. ഈ ടയറുകൾ ആ ടാങ്കറിൻ്റെതാണെന്നാണ് സംശയം. അതേസമയം, ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. എന്നാൽ ഇതുവരെ ക്യാബിൻ ഉയർത്തിയിട്ടില്ല. 60 ടൺ ഭാരം വരെ ഡ്രഡ്ജറിന്റെ ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്താൻ കഴിയും. അതിന് മുകളിൽ ഭാരം വരില്ലെന്നാണ് കണക്കാക്കുന്നത്. നാലു വടങ്ങൾ ക്യാബിനിൽ കെട്ടിയാൽ മാത്രമേ ഉയർത്താൻ കഴിയൂ. അതേസമയം, രണ്ടാമത്തെ സ്ഥലത്തേക്ക് ഡ്രസ്ജർ എത്തിച്ചിരിക്കുകയാണ്. സ്റ്റിയറിംഗ് അടക്കമുള്ള വാഹന ഭാഗം കണ്ടെത്തി എന്ന് ഈശ്വർ മൽപെ പറഞ്ഞ സ്ഥലത്താണ് നിലവിൽ പരിശോധന നടക്കുന്നത്.

അതിനിടെ, പുഴയുടെ അടിത്തട്ടിൽ നിന്ന് ഈശ്വർ മൽപേ മുകളിലേക്ക് വന്ന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൽപെ അഞ്ച് പ്രാവശ്യം മുങ്ങി പൊങ്ങിയെങ്കിലും ലോറിയിൽ ഇരുമ്പ് വടം കുടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആറാമത്തെ ശ്രമത്തിൽ കൊളുത്തു വീണിരിക്കുകയാണ്. ഇന്ന് 200 ശതമാനവും ഒരു ഉത്തരമുണ്ടാകുമെന്ന് എംഎൽഎ സതീഷ് സെയ്‌ൽ വ്യക്തമാക്കിയിരുന്നു. തലകീഴായി മറിഞ്ഞിരിക്കുന്ന നിലയിൽ പുഴയുടെ ഉപരിതലത്തിൽ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്. ഇവിടെ വടം കെട്ടിയ ഈശ്വർ മൽപെ പുഴയുടെ ഉപരിതലത്തിലേക്ക് വന്ന ശേഷം വീണ്ടും തിരികെ അടിത്തട്ടിലേക്ക് പോയി. 

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍  പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.  

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്. 

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios