കർഫ്യൂ ഇല്ല, ഞായറാഴ്ച ലോക്ക് ഡൗൺ പിൻവലിച്ചു, കോളേജുകൾ പ്രവർത്തിക്കും, കേരളം കൂടുതൽ തുറക്കുന്നു

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. 

kerala government withdraws sunday lockdown and night curfew

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ തീരുമാനം. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കർഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാനും സർക്കാൻ തീരുമാനിച്ചു. 

സന്തോഷ വാര്‍ത്ത; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു 

മുഖ്യമന്ത്രിയുടെ വാക്കുകൾ 

ഇന്നത്തെ അവലോകന യോ​ഗം രാത്രി കർഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനിച്ചു. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാൻ അനുമതി നൽകി. ബയോബബിൾ മാതൃകയിൽ വേണം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ. ഒരു ഡോസ് വാക്സീൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും. അതിൽ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ വാക്സീൻ എടുക്കാത്തവരുണ്ടെങ്കിൽ അവർ ഈ ആഴ്ച തന്നെ വാക്സീൻ സ്വീകരിക്കണം.

അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ/പോളി ടെക്നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും.

സ്കൂൾ അധ്യാപകരെല്ലാം വാക്സീൻ സ്വീകരിക്കാൻ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് അധ്യാപകരുടെ വാക്സീനേഷൻ പൂർത്തിയാക്കണം. ആകെ വാക്സീനേഷൻ മൂന്ന് കോടി കടന്നിട്ടുണ്ട്. 2.18 കോടി പേർക്ക് ആദ്യഡോസ് വാക്സീനും 82.46 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്സീനുമാണ് നൽകിയത്. 18 വയസ്സിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 28.37 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ ഇത് 67.73 ശതമാനവും, 23.03 ശതമാനവുമാണ്. നമ്മുടെ വാക്സീനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കൊവിഡ് കേസുകളിൽ കാര്യമായ വർധനയില്ല. ഓ​ഗസ്റ്റ് 24 മുതൽ  30  വരെയുള്ള ആഴ്ചയിൽ 18.41 ആയിരുന്നു ടിപിആർ. 31 മുതൽ സെപ്തംബർ ആറ് വരെയുള്ള ആഴ്ചയിൽ 17.96 ആയി കുറഞ്ഞു. ജാ​ഗ്രത തുടർന്നാൽ ഇനിയും കേസുകൾ കുറയ്ക്കാൻ സാധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് നിലനിൽക്കുന്നതിനാൽ എല്ലാവരും തുറന്നും ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

Latest Videos
Follow Us:
Download App:
  • android
  • ios