ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവം; ജയൻ സി സിയുടെ വീട്ടിൽ പൊലീസ് പരിശോധന
ഇരുപത് ലക്ഷത്തോളം രൂപയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചേലക്കരയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയത്.
ചേലക്കര: ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവത്തില്‍ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയൻ സി സിയുടെ വീട്ടിൽ പൊലീസ് പരിശോധന. ഷൊർണൂർ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന. ഇരുപത് ലക്ഷത്തോളം രൂപയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചേലക്കരയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്.
വാഹനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇലക്ഷൻ സ്ക്വാഡ് 19.7 രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരികെ 50,000 രൂപയിലധികം ക്യാഷായി സൂക്ഷിക്കാൻ പാടില്ലെന്നാണ് നിയമം. ചോദ്യം ചെയ്യലിൽ 25 ലക്ഷം രൂപ പിൻവലിച്ച ബാങ്ക് രേഖ ജയൻ കൈമാറിയിട്ടുണ്ട്. ബാക്കി തുക എന്ത് ചെയ്തു എന്നടക്കം ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കുകയാണ്. വീട് നിർമാണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ എറണാകുളത്തേക്ക് പോവുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. ജയൻ അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വര്ക്ക്ഷോപ്പ്സിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്.
അതേസമയം, പണം പിടിച്ച സംഭവം സിപിഎമ്മിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസും പി വി അൻവറും രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള സിപിഎം ഫണ്ടാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മണ്ഡലത്തിൻ്റെ അതിർത്തി മേഖലകളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.