Asianet News MalayalamAsianet News Malayalam

മദ്യലഹരിയിൽ പ്രതിയുടെ വെളിപ്പെടുത്തൽ ഊമക്കത്തായി പൊലീസിലെത്തി; 15 വര്‍ഷം മുൻപത്തെ കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ

ഇലന്തൂര്‍ നരബലിയിലടക്കം മൃതദേഹങ്ങൾ കുഴിച്ചെടുത്ത സോമനാണ് മാന്നാറിലും പൊലീസിനെ സഹായിക്കുന്നത്

Kala murder revealed after drunken accused man says about it to friends
Author
First Published Jul 2, 2024, 4:10 PM IST

ആലപ്പുഴ: മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളിൽ ഒരാൾ. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്. കേട്ടുനിന്നവരിൽ ഒരാൾ വിവരം പൊലീസിന് ഊമക്കത്തിലൂടെ അറിയിച്ചു. പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.

സംഭവം കൊലപാതകമാണെന്ന് പൊലീസിന് കുറേ നാളായി സംശയമുണ്ടായിരുന്നു. ഭാര്യയെ മണ്ണണ്ണ ഒഴിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതിന് അമ്പലപ്പുഴ പൊലീസ് പ്രമോദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരങ്ങളായിരുന്നു സംശയത്തിന് കാരണം. പിന്നാലെയാണ് ഊമക്കത്ത് പൊലീസിന് ലഭിച്ചത്. ഇതോടെ ആഴ്ചകളോളം പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് നിരീക്ഷിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്തു. പ്രമോദിൻ്റെയും സുഹൃത്തുക്കളുടെയും ഫോൺ വിളികളും സന്ദേശങ്ങളുമടക്കം പൊലീസ് നിരീക്ഷിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും ഇരു ജാതിക്കാരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീട് കലയെ കാണാതായപ്പോൾ, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞത്. അത് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു. പൊലീസും സംഭവത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ല.

പിന്നീട് അനിലിൻ്റെ മാന്നാറിലെ വീട് പുതുക്കി പണിതു. ഇതിനിടെ അനിൽ ഇസ്രയേലിൽ എത്തി. വീണ്ടും വിവാഹം കഴിച്ചു. ഈയടുത്താണ് സംഭവത്തിൽ നിര്‍ണായക വഴിത്തിരിവുണ്ടായത്. രണ്ട് മാസം മുൻപ് ഊമക്കത്ത് ലഭിച്ച പൊലീസ്, നിരീക്ഷണത്തിന് ശേഷം ഇതിൽ പങ്കാളികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് ഇന്ന് മാന്നാറിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. കലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങി.

അഴുകിയ മൃതദേഹം കണ്ടെത്തുകയാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന പുരോഗമിക്കുകയാണ്. ഇലന്തൂര്‍ നരബലിയിലടക്കം മൃതദേഹങ്ങൾ കുഴിച്ചെടുത്ത സോമനാണ് മാന്നാറിലും പൊലീസിനെ സഹായിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios