Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് തിരിച്ചടി, റിപ്പോർട്ട് സ്റ്റേ ചെയ്ത് ഹൈക്കോടതി

പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താൽക്കാലിക സ്റ്റേ ചെയ്ത്. 

 Justice Hema committee report, backlash to government; The High Court stayed the report
Author
First Published Jul 24, 2024, 2:41 PM IST | Last Updated Jul 24, 2024, 3:43 PM IST

കൊച്ചി: സർക്കാരിന് തിരിച്ചടിയായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിലാണ് ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്. 

''മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. ഇതിൽ തുടർ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സർക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോർട്ട്‌ പുറത്ത് വിടുന്നതിൽ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോർട്ട്‌ ആവശ്യപ്പെട്ടവർ ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ല''. റിപ്പോർട്ട്‌ പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിക്കുന്നു. 

എന്നാൽ പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഏറെ വിവാദങ്ങൾക്കും നിരന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ റിപ്പോർട്ട് ഇന്ന് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയിൽ ഹര്‍ജി എത്തിയിരിക്കുന്നത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ഇന്ന് മാധ്യമങ്ങൾക്ക് റിപ്പോർട്ട് കൈമാറാൻ നിൽക്കെയാണ് ഹർജി. വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണർ സർക്കാരിന് നൽകിയ നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി, റിപ്പോർട്ട് പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സിനിമാ രംഗത്തെ നിരവധി സ്ത്രീകൾ നിർണായക വിവരങ്ങൾ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപ്പോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തു വിടാനൊരുങ്ങിയത്. 

കർഷക നേതാക്കൾക്ക് പാര്‍ലമെന്‍റില്‍ രാഹുൽ ഗാന്ധിയെ കാണാൻ അനുമതി ലഭിച്ചു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios