Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ആശുപത്രിയിൽ ഇതാദ്യം, വലിയ പ്രഖ്യാപനവുമായി മന്ത്രി, വരുന്നു കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്

'കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ' ഒക്ടോബര്‍ 10 ലോക കാഴ്ച ദിനം

For the first time in a government hospital minister comes with a big announcement cornea transplantation unit
Author
First Published Oct 9, 2024, 6:06 PM IST | Last Updated Oct 9, 2024, 6:06 PM IST

തിരുവനന്തപുരം: കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആദ്യമായി യാഥാര്‍ത്ഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോര്‍ണിയ മാറ്റിവയ്ക്കല്‍.

ഗുരുതരമായ രോഗങ്ങള്‍ കൊണ്ടോ അപകടങ്ങളാലോ കോര്‍ണിയ തകരാറിലായവര്‍ക്ക് കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് കാഴ്ച പുനസ്ഥാപിക്കാന്‍ സഹായകരമാണ് കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഇതിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആഗോള തലത്തില്‍ 2000 വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ചാ ദിനമായി ആചരിച്ചു വരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 10 നാണ് 25-ാമത് ലോക കാഴ്ച ദിനം ആചരിക്കുന്നത്. കാഴ്ച വൈകല്യവും നേത്രരോഗ പ്രതിരോധവും അന്ധതാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

'കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ' എന്നതാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നെസ്സ് (IAPB) ഈ വര്‍ഷം നല്‍കിയിട്ടുള്ള ലോക കാഴ്ച ദിന സന്ദേശം. യുവാക്കളില്‍ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ലോകശ്രദ്ധ കേന്ദ്രീകരിക്കുകയും ലോകമെമ്പാടുമുള്ള കുട്ടികളെ അവരുടെ കണ്ണുകളെ സ്‌നേഹിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ഈ വര്‍ഷത്തെ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ലോക കാഴ്ച ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നേത്ര സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിളംബരം ചെയ്യുന്ന വിവിധ ബോധവല്‍ക്കരണ പരിപാടികളും കാഴ്ച പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

നേത്ര പരിചരണത്തിനും സംരക്ഷണത്തിനും മികച്ച ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. നേത്ര വിഭാഗത്തെ ശക്തിപ്പെടുത്താന്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് പോലെയുള്ള ചികിത്സാ സൗകര്യങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്ച പ്രശ്‌നമുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സൗജന്യമായി കണ്ണട വാങ്ങി നല്‍കി വരുന്നു. 

ജില്ലാ, ജനറല്‍ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലും സൗജന്യ തിമിര ശസ്ത്രക്രിയ, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകള്‍, വര്‍ധിച്ചുവരുന്ന ഡയബറ്റിക് റെറ്റിനോപ്പതി ഫലപ്രദമായി തടയാനായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നോണ്‍ മിഡ്രിയാറ്റിക് ക്യാമറകള്‍ ഉപയോഗിച്ചുള്ള ചികിത്സ, സൗജന്യ ഗ്ലോക്കോമ ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാണ്.

ഓണം ബമ്പർ: വിറ്റഴിഞ്ഞത് 71 ലക്ഷത്തിലധികം ടിക്കറ്റുകൾ, സർക്കാരിലേക്ക് എത്ര ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios