Asianet News MalayalamAsianet News Malayalam

ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിന് തിരിച്ചടി, ബാർ ലൈസൻസ് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു

പാട്ടകുടിശ്ശിക അടയ്ക്കാതെ ബാര്‍ ലൈസൻസ് പുതുക്കാനാകില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു

set back for trivandrum tennis club on bar license ase
Author
First Published Oct 9, 2024, 6:04 PM IST | Last Updated Oct 9, 2024, 6:04 PM IST

എറണാകുളം:

പാട്ടകുടിശ്ശിക വരുത്തിയ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിന്റെ ബാർ ലൈസൻസ് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ആവശ്യമെങ്കിൽ സർക്കാരിന് ഈ ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പാട്ടകുടിശ്ശിക അടയ്ക്കാതെ ലൈസൻസ് പുതുക്കാനാകില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചാണ് കോടതി നടപടി.

രാജഭരണകാലത്തുള്ള കുത്തകപാട്ടം പ്രകാരം 2025ഓഗസ്റ്റ് വരെ സൗജന്യമായി പാട്ടകലാവധി ഉണ്ടെന്നായിരുന്നു ക്ലബിന്റെ വാദം.എന്നാൽ 1995ലെ മുനിസിപ്പൽ ആന്റ് കോർപ്പേറഷൻ ഏരിയാസ് നിയമപ്രകാരം സൗജന്യ പാട്ടം റദ്ദ് ചെയ്തെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ബാർ ലൈസൻസ് പുതുക്കാൻ പാട്ടകുടിശ്ശിക അടയ്ക്കണമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. കുടിശ്ശിക അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാരിന് ഭൂമി കൈവശം വയ്ക്കാനുള്ള അധികാരമുണ്ടാകുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

1950 ലാണ് ശാസ്തമംഗലം വില്ലേജിലെ 4 ഏക്കർ 27 സെന്റ് സർക്കാർ പുറമ്പോക്ക് 25 വർഷത്തേയ്ക്ക് ട്രാവൻകൂർ ടെന്നിസ് ക്ലബിന് പാട്ടത്തിന് നൽകിയത്. 1975ൽ കാലാവധി പിന്നെയും 50വർഷം നീട്ടി നൽകി. പിന്നീട് 2016ലാണ് ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന്റെ പേരിലുള്ള പാട്ടം പുതുക്കാൻ സർക്കാർ ഉത്തരവിട്ടത്. 11 കോടിയിലധികം രൂപ കുടിശ്ശിക അടയ്ക്കണമെന്ന് ക്ലബിനോട് ആവശ്യപ്പെട്ടു. ക്ലബ് ഇതിനെതിരെ ലാൻഡ് റവന്യു കമ്മീഷണറെയും,സർക്കാരിൽ പുനപരിശോധന അപേക്ഷയും നൽകിയെങ്കിലും നിരസിച്ചു.തുടർന്ന് 2016 മാർച്ചിൽ കുടിശ്ശികയിൽ വലിയ ഇളവ് നൽകി പാട്ടം തുടരാൻ യുഡിഎഫ് സർക്കാർ അവസാന നാളുകൾ ഉത്തരവിട്ടെങ്കിലും പൂർണ്ണമായും സൗജന്യം വേണമെന്ന നിലപാടിൽ ക്ലബ് ഉറച്ച് നിന്നു.പിന്നാലെ എൽഡിഎഫ് സർക്കാർ ഭരണത്തിലേറിയതോടെ ജൂൺ മാസത്തിൽ ഖജനാവ് നഷ്ടം വരുത്തുന്ന രീതിയിൽ ഇളവ് നൽകരുതെന്ന് ജില്ല കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. ക്ലബിന്റെ കൈവശം സാധുവായ പാട്ടം ഇല്ലെങ്കിലും ബാർ ലൈസൻ തുടരുന്നത് എങ്ങനെ എന്നതിൽ സർക്കാർ പരിശോധനയും തുടങ്ങി. 

2011ൽ യഥാർത്ഥ വസ്തുതകൾ മറച്ച് എക്സൈസ് കമ്മീഷണർക്ക്  റിപ്പോർട്ട് നൽകിയ അന്നത്തെ തിരുവനന്തപുരം തഹസിൽദാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും കളക്ടർ പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു. 2020ൽ പാട്ടം സാധുവല്ലാത്തതിനാൽ ബാർ ലൈസൻസ് പുതുക്കേണ്ടതില്ലെന്നും സർക്കാർ ഉത്തരവിട്ടു.ഇതിനെതിരെ ക്ലബ് സമർപ്പിച്ച ഹർജിയാണ് പാട്ടം സാധുവെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ അമിത് റാവൽ,എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്

Latest Videos
Follow Us:
Download App:
  • android
  • ios