കൂടൽ മുറിഞ്ഞകൽ അപകടം; അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ; അപകടം പതിവെന്ന് നാട്ടുകാർ

കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്.

fir in pathanamthitta koodal accident reason driving negligence

പത്തനംതിട്ട: പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

ഇന്ന് രാവിലെ നാലരയോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക. കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. 

എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു ജോർജ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. 

കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ  ഡ്രൈവർ സതീഷ് പറയുന്നത്. 
കാർ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാർ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും ഡ്രൈവർ സതീഷ് വ്യക്തമാക്കി. ബസ്സിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരാണ്. ഇവർ മറ്റൊരു വാഹനത്തിൽ യാത്ര തുടരുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios