എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി, സസ്പെന്‍ഷൻ പിൻവലിച്ചില്ലെങ്കില്‍ തീരുമാനം

തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചുവെന്നും എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Devikulam former MLA S Rajendran response on rumor that join to BJP nbu

ഇടുക്കി: സിപിഎം സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ബിജെപിയിലേക്കെന്ന് സൂചന നൽകി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ പാര്‍ട്ടി വിടുമെന്നൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്നാല്‍, സിപിഎം സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം രാജേന്ദ്രൻ പാർട്ടി വിടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ എ രാജയ്ക്കെതിരെ പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രനെ പാര്‍ട്ടി തിരിച്ചെടുത്തില്ല. ഇതോടെയാണ് പരിഹാരം ഇല്ലെങ്കിൽ മറ്റൊരിടത്തേക്ക് എന്ന ചിന്ത  ഉണ്ടാകുന്നത്. ബിജെപി ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയെന്ന് രാജേന്ദ്രൻ സമ്മതിക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്ന് എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിലെത്തി അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ സസ്പെൻഷൻ നടപടി പിൻവലിക്കാനുള്ള തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ടെന്ന് രാജേന്ദ്രൻ പറയുന്നു.

തന്നെ പുറത്ത് നിർത്തുന്നതിന് പിന്നിൽ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ല. ദില്ലിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും ബിജെപിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും ക്ഷണിച്ചിട്ടുണ്ടെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജേന്ദ്രൻ ഇപ്പോഴും സഖാവാണെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. അനുനയ ശ്രമം സിപിഎം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പാർട്ടി പ്രാദേശിക നേതൃത്വത്തിന് മുകളിലുള്ള സ്ഥാനം ലഭിച്ചാൽ മാത്രമേ വഴങ്ങു എന്ന നിലപാടിലാണ് രാജേന്ദ്രൻ. പരിഹാരമായില്ലെങ്കിൽ മറിച്ച് തീരുമാനം ഉണ്ടാകാനാണ് സാധ്യത

Latest Videos
Follow Us:
Download App:
  • android
  • ios