കൊവിഡ് വ്യാപനം ചെറുക്കാൻ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ; പൊലീസ് പരിശോധന കർശനമാക്കും
ആൾക്കൂട്ടം ഒഴിവാക്കണമെന്നും സമ്മേളനങ്ങൾ, വിവാഹചടങ്ങുകൾ എന്നിവയിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നുന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രതിരോധ പ്രവർത്തനത്തിനായി ഫെബ്രുവരി 10 വരെ പൊലീസ് പരിശോധന കർശനമാക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി 25,000 പൊലീസുകാരെ വിന്യസിക്കും. രാത്രിയാത്രകൾക്കും നിയന്ത്രണമുണ്ട്. 10 മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വരുന്ന രണ്ടാഴ്ച കൊണ്ട് സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും സമ്മേളനങ്ങൾ, വിവാഹചടങ്ങുകൾ എന്നിവയിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നുന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രതാ നടപടികൾ കൈക്കൊള്ളും. പൊതുഗതാഗത്തിലും, തീയേറ്റർ, ഷാപ്പിംഗ് മാൾ എന്നിവിടങ്ങളിലും പകുതി ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനാനുമതി.