സംസ്ഥാനത്ത് 365 കൊവിഡ് മരണമെന്ന് ഡോക്ടർമാരുടെ കൂട്ടായ്മ; വിവാദങ്ങൾക്കിടെ സർക്കാർ പട്ടികയ്ക്ക് ബദൽ പട്ടിക
കൊവിഡ് ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സർക്കാർ പട്ടികയിൽ നിന്നൊഴിവാക്കുന്നുവെന്ന വിമർശനം ശക്തമായിരുന്നു. സർക്കാർ രീതിയോട് വിയോജിപ്പുള്ളവർ ചേർന്ന് രൂപീകരിച്ചതാണ് പുതിയ പട്ടിക.
തിരുവനന്തപുരം: ഔദ്യോഗിക കണക്കിൽ കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ചു കാണിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ ജനകീയ പങ്കാളിത്തത്തോടെ സമാന്തര പട്ടിക പ്രസിദ്ധീകരിച്ച് ഡോക്ടർമാരുടെ കൂട്ടായ്മ. സർക്കാർ കണക്കിൽ കൊവിഡ് മരണങ്ങൾ 218 ആണെങ്കിൽ യഥാർത്ഥ മരണനിരക്ക് 365 ആണെന്ന് ഇവർ അവകാശപ്പെടുന്നു. ആർക്കും വിവരങ്ങൾ നൽകാവുന്ന വിധമാണ് പുതിയ വെബ് ഫോറം.
കൊവിഡ് ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സർക്കാർ പട്ടികയിൽ നിന്നൊഴിവാക്കുന്നുവെന്ന വിമർശനം ശക്തമായിരുന്നു. സർക്കാർ രീതിയോട് വിയോജിപ്പുള്ളവർ ചേർന്ന് രൂപീകരിച്ചതാണ് പുതിയ പട്ടിക. കണക്കിൽ സുതാര്യതയുറപ്പാക്കാൻ ഗൂഗിൾ പേജിൽ ആർക്കും വിവരങ്ങൾ നൽകാം. ഒന്നിലധികം സ്രോതസുകളിൽ നിന്ന് ഉറപ്പാക്കിയ ശേഷം ഉൾപ്പെടുത്തും. അതും ഐസിഎംആർ, ഡബ്ല്യുഎച്ച്ഒ മാർഗനിർേശങ്ങളനുസരിച്ച്. സർക്കാർ ഔദ്യോഗികമായി അംഗീകരിച്ച മരണങ്ങളേക്കാൾ 147 മരണങ്ങൾ പട്ടികയിൽ അധികമുണ്ട്. കണ്ണൂരിൽ ചികിത്സക്കിടെ മരിച്ചിട്ടും കേരളത്തിന്റെ കണക്കിൽപ്പെടുത്താൻ സർക്കാർ തയാറാകാതിരുന്ന മാഹി സ്വദേശി മഹറൂഫിന് പട്ടികയിലിടം നൽകി.
രോഗവ്യാപനം രൂക്ഷമായ ജൂലൈ മുതലാണ് കൊവിഡ് ബാധിച്ച് മരിച്ച കാൻസർ രോഗികളെപ്പോലും കൂട്ടത്തോടെ പട്ടികയിൽ നിന്നൊഴിവാക്കിയുള്ള പുതിയ രീതി സംസ്ഥാനത്ത് നിലവിൽ വന്നത്. വൻതോതിൽ ആക്ഷേപമുയർന്നതോടെ ഇക്കാര്യത്തിൽ വിദഗ്ദസമിതി ഇടപെടലുമുണ്ടായി. എന്നിട്ടും ആഗസ്തിൽ മാത്രം 41 മരണങ്ങളാണ് പട്ടികയിൽപെടുത്താതിരുന്നത്.