കുറയാതെ കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് രോഗം സ്ഥിരീകരിച്ചു; 64 മരണം കൂടി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

covid 19 updates from government of kerala new cases deaths and recovery on 08 May

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 64 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 5746 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  എറണാകുളത്ത് അയ്യായിരത്തിന് മുകളിലാണ് പ്രതിദിന കണക്ക്. തിരുവനന്തപുരത്തും മലപ്പുറത്തും നാലായിരത്തിന് മുകളിലും.

ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ക്കോട് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂര്‍ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂര്‍ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസര്‍ഗോഡ് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസര്‍ഗോഡ് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

27,456 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2403, കൊല്ലം 1412, പത്തനംതിട്ട 478, ആലപ്പുഴ 772, കോട്ടയം 1404, ഇടുക്കി 316, എറണാകുളം 4052, തൃശൂര്‍ 1686, പാലക്കാട് 3487, മലപ്പുറം 3388, കോഴിക്കോട് 4991, വയനാട് 591, കണ്ണൂര്‍ 1856, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,17,101പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,43,633 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,81,007 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,50,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,324 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം

 


മുഖ്യമന്ത്രിയുടെ വാക്കുകൾ

രണ്ടാം തരംഗത്തിൽ നാം കൂടുതൽ വെല്ലുവിളി നേരിടുന്നു. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തിൽ കാണുന്നത്. നിർണായക പങ്ക് വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തി. ജനത്തെ അണിനിരത്തി സർക്കാരുമായി കൈകോർത്ത് പ്രതിരോധം തീർക്കാൻ എല്ലാ കഴിവും ഉപയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു

രണ്ടാം ഘട്ടത്തിൽ പ്രതിരോധത്തിന് സഹായകരമായി ചില ഘടകങ്ങളുണ്ട്. ആരോഗ്യപ്രവർത്തകർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്ക് വാക്സീൻ നൽകാനായത് അനുകൂല സാഹചര്യമാണ്. 45 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷനും ആരംഭിച്ചു. വാക്സീൻ എടുത്തത് കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല. തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവർക്കും വാക്സീൻ നൽകുക എന്നതാണ് സർക്കാർ നയവും അടിയന്തിര കടമയും. 

വലിയ തോതിൽ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളും ഉണ്ട്. ചില തദ്ദേശ സ്ഥാപന പരിധിയിൽ ടിപിആർ വളരെ കൂടുതലാണ്. ഒരു ഘട്ടത്തിൽ ടിപിആർ 28 ശതമാനം വരെ ഉയർന്നിരുന്നു. അതിൽ കുറവുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ല. ചില തദ്ദേശ സ്ഥാപന പരിധിയിൽ ചികിത്സാ സൗകര്യങ്ങളുടെ കുറവ് കാണുന്നുണ്ട്. സിഎഫ്എൽടിസികളോ, സിഎൽടിസികളോ, ഡിസിസികളോ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇത്തരം കുറവ് അടിയന്തിരമായി പരിഹരിക്കണം.

കൊവിഡ് ചികിത്സാ കേന്ദ്രം തുറക്കാൻ അനുയോജ്യമായ സ്ഥലം മുന്നേ കണ്ടെത്തി ഒരുക്കം തുടങ്ങണം. ആവശ്യം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രം തുറക്കാനാവണം. ആവശ്യത്തിന് ആരോഗ്യ-സന്നദ്ധ-ശുചീകരണ പ്രവർത്തകരെയും കണ്ടെത്തണം. ആദ്യ ഘട്ടത്തിൽ വാർഡ് തല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡ് തല സമിതി സജീവമല്ല. ഇതിപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡിലും സമിതികൾ രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡിലെ വീടുകൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം

ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കിൽ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാൽ മരണ നിരക്ക് കുറയ്ക്കാനാവും. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്തം വാർഡ് തല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാവും.

ആംബുലൻസ് സേവനം വാർഡ് തല സമിതി ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലൻസിൻ്റെ പട്ടിക തയ്യാറാക്കണം. ആംബുലൻസ് തികയില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനത്തിൻ്റെ പട്ടിക വേണം. ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കണം. ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് കരുതണം. കിട്ടാത്തവ എത്തിക്കണം, മെഡിക്കൽ ഉപകരണം ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പാക്കണം. ഉപകരണങ്ങൾക്ക് അമിത വില ഈടാക്കുന്നെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ അത്തരം കാര്യങ്ങൾ കൊണ്ട് വരണം.

പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടിയെടുക്കും. വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണം. ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാർഡ് തല സമിതി നൽകണം. പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാർഡ് തല സമിതി നേതൃത്വം നൽകണം.

അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൻ പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണം. വാർഡ് തല സമിതി അംഗങ്ങൾ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരാണ്. 18 - 45 വാക്സീനേഷനിൽ ഇവർക്ക് മുൻഗണന നൽകും. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കൽ, പാരാമെഡിക്കൽ, സന്നദ്ധ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കണം. വയോജനം കേരളത്തിൽ കൂടുതലാണ്. പലരും മറ്റ് രോഗങ്ങൾ ഉള്ളവരാണ്. 

പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കൽ, പാരാമെഡിക്കൽ, സന്നദ്ധ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കണം. വയോജനം കേരളത്തിൽ കൂടുതലാണ്. പലരും മറ്റ് രോഗങ്ങൾ ഉള്ളവരാണ് അശരണരും കിടപ്പ് രോഗികളുമുണ്ട്. ഇവരുടെ പട്ടിക വാർഡ് തല സമിതി നോക്കണം. 

പ്രാദേശിക തലത്തിൽ കൺട്രോൾ റൂമും മെഡിക്കൽ ടീമും രൂപീകരിക്കണം. സ്വകാര്യ-സർക്കാർ ഡോക്ടർമാരെ അതത് തദ്ദേശ സ്ഥാപന പരിധിയിലെ മെഡിക്കൽ ടീമിൽ ഉൾപ്പെടുത്താം. എല്ലാം വേഗത്തിലാക്കാനായാൽ ഒരുപാടുപേരെ മരണത്തിൽ നിന്ന് രക്ഷിക്കാനാവും. ആർക്കും സംസ്ഥാനത്ത് ഭക്ഷണവും ചികിത്സയും കിട്ടാതാവരുത്. മരുന്നും അവശ്യ വസ്തുക്കളും വേണ്ടവർ ഒട്ടേറെയുണ്ട്. അവർക്ക് അത് എത്തിച്ച് കൊടുക്കണം. പട്ടിണി കിടക്കാൻ വരുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണം.

യാചകർ ഉണ്ടെങ്കിൽ അവർക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരക്കാർക്ക് ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കണം. ജനകീയ ഹോട്ടലുകളിൽ അതുവഴി ഭക്ഷണം നൽകാനാവും. ഇല്ലാത്തിടത്ത് സമൂഹ അടുക്കള തുറക്കണം.

ആദിവാസി മേഖലയിൽ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുത്. പോസിറ്റീവായവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റിപ്പാർപ്പിക്കണം.

നിർമ്മാണ തൊഴിലാളികൾ സൈറ്റിൽ തന്നെ താമസിക്കണം. അല്ലെങ്കിൽ വാഹന സൗകര്യം ഏർപ്പെടുത്തണം. ഇക്കാര്യത്തിൽ തൊഴിൽ വകുപ്പ് മേൽനോട്ടം വഹിക്കും. ഭക്ഷണ പ്രശ്നം തദ്ദേശ സമിതികൾ ശ്രദ്ധിക്കണം.

ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലൻസിന് പുറമെ മറ്റ് വാഹനങ്ങളും ഉണ്ടാകണം. പഞ്ചായത്തിൽ അഞ്ചും നഗരസഭയിൽ പത്തും വാഹനം ഈ രീതിയിൽ ഉണ്ടാകണം. ഓക്സിജൻ അളവ് നോക്കൽ പ്രധാനമാണ്. വാർഡ് തല സമിതിയുടെ പക്കൽ പൾസ് ഓക്സി മീറ്റർ കരുതണം.

ഒരു വാർഡ് തല സമിതിയുടെ പക്കൽ അഞ്ച് പൾസ് ഓക്സി മീറ്റർ ഉണ്ടാകണം. പഞ്ചായത്ത് നഗരസഭ തലത്തിൽ ഒരു കോർ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് നേതൃത്വം. സെക്രട്ടറി, എസ്എച്ച്ഒ, സെക്ടറൽ മജിസ്ട്രേറ്റ് തുടങ്ങിയവർ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉൾപ്പെടുത്താം.

മഴക്കാല പൂർവ ശുചീകരണത്തിലും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മാർക്കറ്റുകൾ ശുചിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. സർക്കാർ നിർദ്ദേശം അടിയന്തിരമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്താൽ എല്ലാം ഭംഗിയാകും. വ്യക്തിക്ക് കൊവിഡ് ബാധിച്ചാൽ ഏത് രീതിയിലാണ് രോഗിയും ആരോഗ്യ സംവിധാനവും പ്രവർത്തിക്കേണ്ടത് എന്നതിന് കൃത്യമായ രീതി രൂപപ്പെടുത്തി.

വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ പ്രയാസമുള്ളവർ വാർഡ് തല സമിതിയെ ബന്ധപ്പെടണം. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയർ സെന്റർ അവർക്ക് വേണ്ടി ലഭ്യമാക്കും.

രോഗബാധിതരാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും സാധാരണ ഗതിയിൽ പ്രൈമറി കോണ്ടാക്ടായിരിക്കും. അവർക്കാവശ്യമായ ഭക്ഷണം, മരുന്ന് ഉറപ്പുവരുത്തേണ്ടത് വാർഡ് തല സമിതിയുടെ ഉത്തരവാദിത്തമാണ്. രോഗികളാകുന്നവർ അവരുടെ വാർഡ് മെമ്പറുടെ നമ്പർ കൈയ്യിൽ കരുതണം. വീടുകളിൽ കഴിയുന്നവർക്ക് ശ്വാസതടസം അനുഭവപ്പെട്ടാൽ അവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണം. അത്തരം ഘട്ടത്തിൽ ഉടനെ ചെയ്യേണ്ടത് റാപിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിക്കണം. ആർആർടി വിവരം ജില്ലാ കൺട്രോൾ യൂണിറ്റ് ഷിഫ്റ്റിങ് ടീമിനെ അറിയിക്കും. രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ച് ഷിഫ്റ്റിങ് ടീം രോഗിയെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കും, മാറ്റും. ഇതിനായി ആംബുലൻസുകൾ എല്ലായിടത്തും വിന്യസിച്ചു. പഞ്ചായത്തുകളുടെ കീഴിലെ ആംബുലൻസുകൾ മറ്റ് വാഹനങ്ങൾ എന്നിവ കേന്ദ്രീകൃത പൂളിൽ ഏർപ്പെടുത്തി കൂടുതൽ ശക്തമാക്കി.

ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഷിഫ്റ്റിങ് നോഡൽ ഓഫീസറെ നിയമിച്ചു. ഓരോ വാർഡ് സമിതിയും കഴിയുമെങ്കിൽ ആരോഗ്യ സന്നദ്ധ സേന രൂപീകരിക്കണം. വയോമിത്രം യൂണിറ്റുകളുടെ സേവനം ഉപയോഗിക്കാം. നിലവിൽ 106 മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്. രോഗികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദ്ദേശം ജില്ലാ കൺട്രോൾ സെന്ററാണ് നൽകുക.

എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളിലെയും ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ ഇത്തരം കാര്യങ്ങളെല്ലാം ജില്ലാ കൺട്രോൾ സെന്ററിൽ നിരന്തരം അപ്ഡേറ്റ് ചെയ്യണം. ഇത് പരിഗണിച്ചാവും രോഗിയെ മാറ്റുന്നത്. ഓരോ പഞ്ചായത്തിലും കൊവിഡ് കോൾ സെന്റർ ഉടനടി പ്രവർത്തനം തുടങ്ങും. ഇവ അതത് ജില്ലകളിലെ കൺട്രോൾ സെന്ററുമായി പ്രവർത്തിക്കും. ആ ഏകോപനം ജില്ലാ കളക്ടർമാർ ഉറപ്പാക്കും.

സ്വകാര്യ ക്ലിനിക്കിൽ ചിലതെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ടെസ്റ്റിന് ആവശ്യമായ സ്വാബുകൾ ശേഖരിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലുമൊന്നും വീഴ്ചയുണ്ടാകരുത്. അത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കർശനമായ നിയമ നടപടികൾ ഇത്തരം സ്ഥാപനങ്ങൾ നേരിടേണ്ടി വരും.

ഡോക്ടർമാരുടെ എണ്ണം അടിയന്തിരമായി വർധിപ്പിക്കണം. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി നോൺ അക്കാദമിക് കേഡറായി ചുമതലയേൽക്കാൻ നിർദ്ദേശം ലഭിച്ചവർ ഉടൻ ചുമതലയേൽക്കണം.

അടിയന്തിര ഘട്ടങ്ങളിലെ യാത്രക്ക് ഉള്ള പോലീസ് പാസിന് ഇപ്പോൾ മുതൽ ഓൺ ലൈനിൽ അപേക്ഷിക്കാം. അടിയന്തിര ഘട്ടത്തിൽ യാത്ര ചെയ്യാൻ വളരെ അത്യാവശ്യക്കാർ മാത്രമേ പാസിന് അപേക്ഷിക്കാവൂ. അവശ്യ സർവീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും ഓൺലൈനായി അപേക്ഷിക്കാം. ഇവർക്ക് വേണ്ടി തൊഴിൽ ദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ജില്ല വിട്ടുള്ള യാത്ര പൊതുവെ നിരുത്സാഹപ്പെടുത്തും. മരണം, രോഗിയെ കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. സത്യവാങ്മൂലത്തിന്റെ മാതൃക വെബ്സൈറ്റിൽ കിട്ടും. വെള്ളപേപ്പറിൽ സത്യവാങ്മൂലം എഴുതിയാൽ മതി. വാക്സീൻ കേന്ദ്രത്തിൽ ജനം കൂട്ടം കൂടരുത്. 

കൊവിഡ് വാക്സീനും മരുന്നും വിദേശത്ത് നിന്ന് ശേഖരിക്കാൻ നോർക്കാ റൂട്ട്സ് ശ്രമം തുടങ്ങി. ഈ ഉദ്യമത്തിൽ പ്രവാസികൾ പങ്കാളികളാവണം. പല പ്രദേശത്ത് നിന്നും സഹായം വരുന്നുണ്ട്. വിദേശത്തുനിന്നുള്ള സഹായത്തിന്റെ ഏകോപന ആവശ്യത്തിന് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതി പ്രവർത്തിക്കും.

ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കും. 600 ഓളം പേർക്ക്പരോൾ അനുവദിച്ചു. ഒന്നാം ഘട്ടത്തിൽ 1800 പേർക്ക് ഇളവ് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജസ്റ്റിസ് അടങ്ങിയ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ഹൈക്കോടതി ഉത്തരവുണ്ടായാൽ 600 വിചാരണ, റിമാൻഡ് തടവുകാർക്ക് ഇളവുണ്ടാകും. ലോക്ഡൗൺ സഹകരണം നല്ല രീതിയിൽ ഉണ്ടായി. അത് തുടർന്നും ഉണ്ടാകണം എന്നാണ് അഭ്യർത്ഥിക്കുന്നത്.

ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ എല്ലാ നടപടിയും സ്വീകരിച്ചു. മൂന്നാല് ദിവസത്തേക്കുള്ള ഓക്സിജൻ ആവശ്യത്തിന് കരുതലുണ്ട്. എന്നാൽ ചില സ്ഥലത്ത് ചില ആശുപത്രികൾ സംവിധാനവുമായി ബന്ധപ്പെടാതെ നിൽക്കുന്നുണ്ട്. അവർ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഓക്സിജൻ വലിയ അളവിൽ വേണ്ടി വരും. നടപടി എടുക്കുന്നുണ്ട്. ഓക്സിജൻ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വർധനവുണ്ടാവുമ്പോൾ സ്റ്റോക്ക് ചെയ്യാനാണ്. ഇപ്പോൾ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. പലരും ഓക്സിജൻ കൂടുതൽ വേണമെന്ന് ആവശ്യപ്പെടും. അത് മെറിറ്റ് അടിസ്ഥാനത്തിൽ നടപടിയെടുക്കും.

വിദേശത്ത് എടുത്ത വാക്സീന്റെ രണ്ടാം ഡോസ് എടുക്കാൻ വിദേശത്ത് തന്നെ പോകേണ്ടി വരും. ചികിത്സയ്ക്ക് അതിർത്തി വിട്ട് പോകാൻ ഇപ്പോൾ തടസമില്ല. 

വാക്സീൻ ആവശ്യത്തിന് ഇല്ലാത്തത് കൊണ്ടാണ് വാക്സീൻ കിട്ടാത്തത്. വാക്സീൻ ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാടിസ്ഥാനത്തിൽ നടപടിയെടുക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios