'ജാമ്യം വേണ്ട, തന്റെ പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോട്'; ഗ്രോ വാസു ജയിലിൽ തുടരും
പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാൽ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി.
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയിലിൽ തുടരും. ജാമ്യമെടുക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടതിയിൽ ഗ്രോ വാസു വ്യക്തമാക്കി. ഇതോടെയാണ് കോടതി റിമാൻഡ് നീട്ടിയത്. തന്റെ പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോടാണെന്നും ഗ്രോ വാസു പ്രതികരിച്ചു.
ഭരണകൂടത്തിൻ്റെ ഇരട്ടനീതിക്കെതിരെയാണ് തൻ്റെ പോരാട്ടമെന്ന് ഗ്രോ വാസു പ്രതികരിച്ചു. കോടതിയോട് എതിർപ്പില്ല. ഭരണകൂടവും പൊലീസും ഇരട്ടനീതിയാണ് കാണിക്കുന്നത്. കോടതിക്ക് നിയമ പ്രകാരമേ ചെയ്യാനാവൂ. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് തൻ്റെ രീതി. തെറ്റുകൾക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറാണ്. പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാൽ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി. ഇക്കാര്യം ജനം മനസിലാക്കുന്നില്ലെന്നും മനസിലാക്കുന്ന കാലം വരെ താൻ ജീവിച്ചിരിക്കണം എന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂ, 'അത് ഗീവര്‍ഗീസ് പുണ്യാളന്‍': ജെയ്ക് സി തോമസ്
2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പ് വെക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജാമ്യം വേണ്ടെന്ന നിലപാടെടുത്തതോടെയാണ് വാസുവിനെ കോടതി റിമാന്‍റ് ചെയ്തത്. 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് വാസുവിനെതിരായി ലോംഗ് പെന്‍റിംഗ് വാറണ്ട് നിലനിന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് വാസുവിനെ അറസ്റ്റ് ചെയ്തത്.
ജാമ്യമെടുക്കില്ലെന്ന നിലപാടിൽ ഗ്രോ വാസു; മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം