കേരളത്തില്‍ ഇന്ന് മുതൽ കൂടുതൽ ആർടിപിസിആർ പരിശോധനകള്‍; കൊവിഡ് നിയന്ത്രണം കടുപ്പിക്കും

ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകർച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തിൽ സ്ഥിതി ഗുരുതരമാകുന്നത്. 

Coronavirus increase rtpcr tests in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ആർടിപിസിആർ പരിശോധനകൾ നടത്തും. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആർടിപിസിആർ പരിശോധനകൾ കുറച്ചതാണ് കേരളത്തിൽ മാത്രം കൊവിഡ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധർ പറയുന്നു. ഒൻപത് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകർച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തിൽ സ്ഥിതി ഗുരുതരമാകുന്നത്. 

പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ആർ‌ടി‌പി‌സി‌ആർ പരിശോധനയുടെ ആരോഗ്യ അനുപാതം 40% ആക്കി ഉയർത്തണം. കൊവിഡ് രോഗലക്ഷണങ്ങളുള്ള എല്ലാ പ്രൈമറി കോൺ‌ടാക്റ്റുകളേയും ആർടിപിസിആർ ഉപയോഗിച്ച് മാത്രമായിരിക്കണം ഇനി പരിശോധിക്കേണ്ടത്. ജലദോഷം, പനി , ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി ശക്തമായ കൊവിഡ് ലക്ഷണങ്ങളുള്ള രോഗികൾക്കും ഇനി മുതൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഇത്തരം കൊവിഡ് ലക്ഷണങ്ങളുമായി വരുന്ന എല്ലാവർക്കും ഇനി മുതൽ ആൻ്റിജൻ, ട്രൂനാറ്റ് ടെസ്റ്റുകൾക്ക് പകരം ആർടിപിസിആർ ടെസ്റ്റുകളായിരിക്കും നടത്തുക. 

രോഗലക്ഷണമുള്ള രോഗികളുടെ പ്രാഥമിക പരിശോധനയ്ക്കായി മാത്രം ആന്റിജൻ കിറ്റുകൾ ഉപയോഗിക്കണമെന്നും  കൂടാതെ ആന്റിജൻ പരിശോധന നെഗറ്റീവ് ആണെങ്കിലും ആർ‌ടി‌പി‌സി‌ആർ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ലക്ഷണമില്ലാത്ത ആളുകളെ പരിശോധിക്കുന്നതിന് ആന്റിജൻ കിറ്റുകൾ ഉപയോഗിക്കരുതെന്നും പുതിയ മാർഗ്ഗനിർദേത്തിൽ പറയുന്നു.

ലക്ഷണം ഇല്ലാത്ത വ്യക്തികളെ (യാത്രക്കാർ ഉൾപ്പെടെ) പരിശോധിക്കേണ്ടതുണ്ടെങ്കിൽ അതിനും ആർ‌ടി‌പി‌സി‌ആർ ടെസ്റ്റിനെ തന്നെ ആശ്രയിക്കണം. നിലവിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവർക്ക് പത്ത് ദിവസം കഴിഞ്ഞ് ആൻ്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ വീട്ടിലേക്ക് പോകാൻ അനുവദിക്കുന്നുണ്ട്. ഈ രീതി തന്നെ ഇനിയും തുടരാനാണ് മാർഗനിർദേശത്തിൽ പറയുന്നത്. 

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിലെ ഇളവ് രോഗ വ്യാപനത്തിന് കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

Also Read: ജാഗ്രത കുറഞ്ഞു, കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം ശക്തമാക്കും, പരിശോധന വര്‍ധിപ്പിക്കും

Latest Videos
Follow Us:
Download App:
  • android
  • ios