പി വി അൻവറിന് മുന്നിൽ സിപിഎം മുട്ടുമടക്കി; ഇടതുപക്ഷത്തെ കടന്നാക്രമിച്ച് വിവി പ്രകാശ്
ഒരു ജനപ്രതിനിധിക്ക് ചേർന്ന നിലപാടുകളല്ല പിവി അൻവർ നിരന്തരമായി കൈക്കൊള്ളുന്നത്. എന്നിട്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണെമന്ന് പി വി അൻവർ ആഗ്രഹിച്ചാൽ അത് തടയാൻ സിപിഎമമിന് കഴിയുന്നില്ലെന്നും വി വി പ്രകാശ് ആരോപിച്ചു.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പി വി അൻവറിനെ സ്ഥാനാർത്ഥിയാക്കിയ സിപിഎം തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പിവി അൻവറിന്‍റെ ആഗ്രത്തിന് മുന്നിൽ സിപിഎം മുട്ടുമടക്കുകയായിരുന്നുവെന്ന് വി വി പ്രകാശ് ആരോപിച്ചു.
ആരോപണവിധേയരായ പി വി അൻവറിന്‍റെയും പി ജയരാജന്‍റെയും സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിന് തിരിച്ചടിയാകുമോ എന്ന ന്യൂസ് അവർ ചർച്ചയിലാണ് പി വി അൻവറിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വി വി പ്രകാശ് രംഗത്തെത്തിയത്.
ഒരു ജനപ്രതിനിധിക്ക് ചേർന്ന നിലപാടുകളല്ല പിവി അൻവർ നിരന്തരമായി കൈക്കൊള്ളുന്നത്. എന്നിട്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണെമന്ന് പി വി അൻവർ ആഗ്രഹിച്ചാൽ അത് തടയാൻ സിപിഎമ്മിന് കഴിയുന്നില്ലെന്നും വി വി പ്രകാശ് ആരോപിച്ചു.
ജനങ്ങളെ വഞ്ചിച്ചാണ് 2016 ൽ പി വി അൻവർ നിലമ്പൂരിൽ വിജയിച്ചത്. സാമ്പത്തിക സ്വാധീനം ഉപയോഗിച്ചും ജാതി-മത വർഗീയത പരത്തിയും പി വി അൻവർ നിലമ്പൂരിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും വിവി പ്രകാശ് ന്യൂസ് അവറിൽ പറഞ്ഞു.
അദ്ദേഹത്തിനെതിരെ നിലമ്പൂരിൽ വീണ്ടുമൊരു മത്സരത്തിനായി കാത്തിരിക്കുകയാണ്. പക്ഷെ അടുത്ത തവണ വിജയിക്കില്ലെന്നുറപ്പുള്ളതുകൊണ്ടാണ് പി വി അൻവർ പൊന്നാനിയിലെക്ക് ഒളിച്ചോടുന്നതെന്നും വിവി പ്രകാശ് ആരോപിച്ചു