കുതിക്കാന്‍ കൊച്ചി വിമാനത്താവളം; 7 മെഗാ പദ്ധതികള്‍ 'സിയാലി'ൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഒക്ടോബര്‍ 2 തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് സിയാൽ വികസന ചരിത്രത്തിലെ പുതിയ അധ്യായമായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. വൈകീട്ട് 4.30-ന് ആണ് പരിപാടി.
വമ്പൻ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഏഴ് പദ്ധതികള്‍ക്ക് ഒറ്റയടിക്ക് തുടക്കം കുറിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍).
ഒക്ടോബര്‍ 2 തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് സിയാൽ വികസന ചരിത്രത്തിലെ പുതിയ അധ്യായമായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. വൈകീട്ട് 4.30-ന് ആണ് പരിപാടി.
രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ, ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം, 0484 ലക്ഷ്വറി എയ്റോ ലോഞ്ച് തറക്കല്ലിടൽ, ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റ് വെയര്‍ ഉദ്ഘാടനം, അടിയന്തര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം, ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ, ഗോൾഫ് റിസോർട്സ് & സ്പോർട്സ് സെന്റർ തറക്കല്ലിടൽ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.
ഭാവിയെ മുന്നിൽക്കണ്ടുള്ള പദ്ധതികള്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവൽക്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച എന്നിവയിൽ നിര്‍ണായകമാകും.
കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളത്തക്കവിധം വിഭാവനം ചെയ്തിട്ടുള്ളതാണ് പദ്ധതികള്‍. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് എന്നിവയാണ് പുതുതായി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.
രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാംഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലാണ് നടക്കുക.
ഈ പദ്ധതികള്‍ എന്ത് മാറ്റം കൊണ്ടുവരും?
പുതിയ ഏപ്രൺ, പാര്‍ക്കിങ് ബേയ്
നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്കുഭാഗത്തുകൂടി ഏപ്രൺ വരുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വരുന്ന ഏപ്രൺ, എട്ട് പുതിയ എയ്റോബ്രിഡ്ജുകള്‍ സഹിതമാണ് നിര്‍മ്മിക്കുക. മൊത്തം അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് രാജ്യാന്തര ടെർമിനൽ വികസിക്കുന്നത്. ഇതോടെ വിമാന പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളർച്ച പരിഗണിച്ചാണ് ഈ പദ്ധതി തയാറാക്കിയത്.
കാര്‍ഗോ ശേഷി 2 ലക്ഷം മെട്രിക് ടൺ ആകും
ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിക്കും. നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സർക്കാര്‍ നയങ്ങൾക്ക് ഇത് കരുത്ത് പകരും.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ലൗഞ്ച്
യാത്രക്കാർക്ക് ഹ്രസ്വസമയ വിശ്രമത്തിന് രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന, '0484 ലക്ഷ്വറി എയ്റോ ലോഞ്ച്' എന്ന എയ്റോലോഞ്ചിന് തറക്കല്ലിടും. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റൊറൻറ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണം. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലൗഞ്ചായി ഇത് മാറും.
എളുപ്പം യാത്ര പുറപ്പെടാന്‍ ഡിജിയാത്ര
വിമാനത്താവള ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. കൊച്ചി വിമാനത്താവളത്തിൽ ഡിജിയാത്ര സോഫ്ട്വെയർ രൂപകൽപന ചെയ്തത് സിയാലിൻറെ തന്നെ ഐ.ടി വിഭാഗമാണ്. ഇതിന്റെ ഉദ്ഘാടനം. ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കുന്നു. ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകൾ ആണ് ഇവിടെ ഉപയോഗിക്കുക.
എയര്‍പോര്‍ട്ട് എമര്‍ജൻസി സര്‍വീസ്
വിമാനത്താവള അഗ്നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനികവത്ക്കരിക്കുന്നു. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയൻ നിർമിത രണ്ട് ഫയർ എൻജിനുകൾ, മറ്റ് ആധുനിക വാഹനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇവയുടെ പ്രവർത്തന ഉദ്ഘാടനം. അത്യാഹിതങ്ങളിൽ അതിവേഗം പ്രതികരിക്കാൻ ഇവ സിയാലിനെ പ്രാപ്തമാക്കും.
സുരക്ഷയിൽ നമ്പര്‍ വൺ ആകാൻ...
കൊച്ചി വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം തീർക്കുന്നു. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി.ഐ.ഡി.എസ്) എന്ന ഈ സംവിധാനത്തിൻറെ നിർമാണ ഉദ്ഘാടനം. വിമാനത്താവളത്തിന്റെ പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലിൽ മാരകമാകാത്ത വിധമുള്ള വൈദ്യുതവേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ ക്യാമറകളും സ്ഥാപിച്ച് സിയാലിൻറെ സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ കേന്ദ്രവുമായി ബന്ധപ്പെടുത്തുന്നു. ചുറ്റുമതിലിന് സമീപമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപവ്യതിയാനങ്ങളും തത്സമയം തിരിച്ചറിയുന്നതിലൂടെ വിമാനത്താവളത്തിന് നേരെയുണ്ടാവുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉടനടി മനസിലാക്കാനും പ്രതിരോധ പ്രവർത്തനം സജ്ജമാക്കാനും കഴിയും.
18-ഹോള്‍ ഗോൾഫ് കോഴ്സ്
കേരളത്തിലെ ഏക 18-ഹോൾ കോഴ്സായ സിയാൽ ഗോൾഫ് കോഴ്സിൽ വിനോദസഞ്ചാര സാധ്യത തേടുന്നു. ഇതിൻറെ ഭാഗമായി റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, പാർട്ടി/ കോൺഫറൻസ് ഹാൾ, സ്പോർട്സ് സെൻറർ എന്നിവ നിർമിക്കുന്നു. ഈ പദ്ധതിയുടെ നിർമാണോദ്ഘാടനം.
കൊവിഡാനന്തര കാലഘട്ടത്തിൽ ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമായ സിയാൽ, കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നിരവധി സംരംഭങ്ങൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ 14 MWp സൗരോർജ്ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിലെ 4.5 MW ജലവൈദ്യുത പദ്ധതിയും, ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ആയ ബിസിനസ് ജെറ്റ് ടെർമിനലും ഈ കാലയളവിൽ സിയാൽ കമ്മീഷൻ ചെയ്ത സംരംഭങ്ങളാണ്.
ഈ മാറ്റങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ വികസനയാത്രയിലെ പുതുയുഗത്തെ സൂചിപ്പിക്കുന്നുവെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.
''നാളെയിലേയ്ക്ക് പറക്കുന്നു' എന്ന ആശയത്തെ സാർത്ഥകമാക്കുന്ന ഏഴ് മെഗാ പ്രോജക്ടുകൾ നടപ്പിലാക്കി കൊണ്ട് ഞങ്ങൾ നൂതനമായ ഒരു യാത്രക്ക് തുടക്കം കുറിക്കുകയാണ്. സുഹാസ് പറഞ്ഞു.
''വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതിലുപരി, അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് കൂടി ഊന്നൽ നൽകി, ദീർഘവീക്ഷണത്തോടെയാണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിയാലിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന ഈ 7 മെഗാ പദ്ധതികൾ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറാൻ ഞങ്ങളെ പ്രാപ്തരാക്കും എന്ന് ഉറപ്പുണ്ട്'', അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് മെഗാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജൻ, പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം.പി.മാർ, എം.എൽ.എ മാർ എന്നിവർ ചടങ്ങിന്റെ ഭാഗമാകും.