വള്ളംകളിയുമായി ബന്ധമില്ലാത്തവരെ നടത്തിപ്പ് ഏൽപ്പിച്ചു; സിബിഎൽ അലങ്കോലപ്പെടാൻ കാരണമായത് സംഘാടനത്തിലെ പിഴവ്
താഴത്തങ്ങാടിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ. വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചതിനെതിരെയും അതിരൂക്ഷ വിമർശനം
കോട്ടയം: താഴത്തങ്ങാടിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ. വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചതിനെതിരെയും അതിരൂക്ഷ വിമർശനം. വള്ളംകളി തടസപ്പെടുത്തിയ കുമരകം ടൗൺ ബോട്ട് ക്ലബിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.
സിബിഎൽ വള്ളംകളിയുടെ ആദ്യ മത്സരം തന്നെ അലങ്കോലപ്പെടുകയും സംഘർഷമുണ്ടാവുകയും ചെയ്തത് ടൂറിസം വകുപ്പിന് വലിയ നാണക്കേടാണുണ്ടായത്. വിദേശ വിനോദസഞ്ചാരികളടക്കം വള്ളംകളി കാണാനെത്തിയ സ്ഥലത്താണ് മത്സരങ്ങൾ പൂർത്തീകരിക്കാതെ അടിച്ചുപിരിഞ്ഞത്. ടൂറിസം വകുപ്പ് നേരിട്ട്, ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു വള്ളംകളി. ഒരേപോലെ വള്ളങ്ങൾക്ക് സ്റ്റാർട്ടിങ് ക്രമീകരിക്കാത്തതും ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിനിടെ കൃത്യതയില്ലാതെ ചെറുവള്ളങ്ങൾ വിട്ടതും വള്ളംകളി നിയന്ത്രിക്കുന്നതിൽ പരാചയപ്പെട്ടതുമായിരുന്നു പ്രശ്നങ്ങൾ.
കുമരകം ടൗൺ ബോട്ട് ക്ലബ്ബ് മത്സരങ്ങൾ തടസപ്പെടുത്തി പ്രതിഷേധിച്ചതോടെ വള്ളംകളി റദ്ദാക്കേണ്ടി വന്നു. നിസാരമായി പരിഹരിക്കേണ്ട വിഷയങ്ങളാണ് വഷളാക്കിയതെന്നും ടെക്നിക്കൽ കമ്മിറ്റിയിൽ വിമര്‍ശനം ഉയർന്നു. കോടികൾ മുടക്കി നടത്തുന്ന സിബിഎൽ അലങ്കോലപ്പെടുത്തിയതിനെതിരെ കർശന നടപടി വേണമെന്നാണ് സർക്കാർ നിലപാട്. ഇതിന്‍റെ ഭാഗമായി വള്ളംകളിയ്ക്ക് തടസമുണ്ടാക്കിയ കുമരകം ടൗൺ ബോട്ട് ക്ലബ്ബിനെ വരുന്ന മത്സരങ്ങളിൽ നിന്ന് അയോഗ്യരാക്കാനും ബോണസ് തുക പിഴ ആയി അടപ്പിക്കാനുമാണ് ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനം.
ടീമിന്‍റെ ക്യാപ്റ്റൻ ടോണി വക്കച്ചനെതിരെ ക്രിമിനൽ കേസെടുക്കാനും നിർദേശമുണ്ട്. അടുത്ത ശനിയാഴ്ച കൈനകരിയിൽ നടക്കുന്ന രണ്ടാം മത്സരത്തിന് മുമ്പ് നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കോട്ടയം ജില്ലാ കളക്ടറുടെ റിപ്പോർട്ടിലും സംഘാടകർക്കെതിരെ രൂക്ഷ വിമർശനമാണ്.