പ്രവാസികളുടെ മടക്കം: സംസ്ഥാനത്തിന്‍റെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്രം
തിരിച്ചെത്തുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും ഫേസ് ഷീൽഡും നിർബന്ധമാക്കിയ നടപടി രോഗവ്യാപനം തടയാൻ ഉപകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്തിന് പ്രത്യേക ആവശ്യങ്ങൾ ഉണ്ടെങ്കിൽ വിമാനക്കന്പനികളെ അറിയിക്കാം.
ദില്ലി: പ്രവാസി മടക്കത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശം അംഗീകരിച്ച് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര മന്ത്രി വി മുരളീധരനും മുഖ്യമന്ത്രിയും തമ്മിൽ കൊന്പുകോർക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് വന്നിരിക്കുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവാസികളുടെ മടങ്ങി വരവ് തുടങ്ങിയിട്ടുമുണ്ട്.
തിരിച്ചെത്തുന്ന പ്രവാസികൾക്ക് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കേറ്റ് നിർബന്ധമാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ വ്യക്തമാക്കി സർക്കാർ കേന്ദ്രത്തിന് അയച്ച കത്തിനാണ് മറുപടി വന്നത്. തിരിച്ചെത്തുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും ഫേസ് ഷീൽഡും നിർബന്ധമാക്കിയ നടപടി രോഗവ്യാപനം തടയാൻ ഉപകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാനത്തിന് പ്രത്യേക ആവശ്യങ്ങൾ ഉണ്ടെങ്കിൽ വിമാനക്കന്പനികളെ അറിയിക്കാം. ഇവ ഗൾഫിലെ എംബസികൾക്ക് വിദേശകാര്യ മന്ത്രാലയം തന്നെ കൈമാറുമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയ സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ കത്ത്. എന്നാല്‍, മുരളീധരന്റെ വിമർശനം എന്തിനെന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിബന്ധനകൾ നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്തേക്ക് ഇന്ന് എത്തിയത് 58 വിമാനങ്ങളാണ്.
ഈ മാസം 30 വരെ 154 വിമാനങ്ങൾ സംസ്ഥാനത്തേക്ക് സർവീസ് നടത്തും. സൗദി അറേബ്യയിൽ നിന്നും കുവൈറ്റിൽ നിന്നും വരുന്നവർക്കാണ് പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാൻ അനുമതി നൽകിയത്. കൊവിഡ് പ്രതിസന്ധിക്കിടെ വിദേശത്തുള്ള മലയാളികളെ തിരികെക്കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാരിനെ കേന്ദ്രസർക്കാർ അഭിനന്ദിച്ചിരുന്നു.
രോഗവ്യാപനം തടയാനുള്ള സർക്കാർ നീക്കങ്ങൾ മെച്ചപ്പെട്ടതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. പ്രവാസികളെ തിരികെയെത്തിക്കുന്നതിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയാണ് പ്രശംസ അറിയിച്ചുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചിരിക്കുന്നത്.