'ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാ​ഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവ്';നടുക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി

ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

caretakers used to molest childrens private parts former worker with shocking revelation council for child welfare

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ആയ. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു. 

കേസിൽ ഇപ്പോൾ പ്രതികൾ ആയവർ മുൻപും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും മാസങ്ങള്‍ക്ക് മുന്‍പ് വരെ ശിശുക്ഷേമ സമിതിയില്‍ ജോലി ചെയ്ത ആയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കാര്യം ആയമാര്‍ അധികൃതരെ അറിയിക്കാതെ മറച്ച് വച്ചത് ഒരാഴ്ചയാണ്. കിടക്കയിൽ മൂത്രമൊഴിക്കുന്നത് പതിവാക്കിയിരുന്ന കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാർ പലയിടത്തും വെച്ച് സംസാരിച്ചത്. അറസ്റ്റിലായ ആയമാർ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും ഇടത് രാഷ്ട്രീയബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നു.

''ഇക്കാര്യങ്ങളെല്ലാം അവിടെ നൂറ് ശതമാനം നടക്കുന്നതാണ്. ഞാൻ സത്യമാണ് പറയുന്നത്. ഒരു ആൺകുട്ടിയുടെ മൂത്രമൊഴിക്കുന്ന സ്ഥലത്ത് കുളിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഞെക്കി. ഞാനത് അവിടെ അറിയിച്ചിരുന്നു. പക്ഷേ എല്ലാ അമ്മമാരും കൂടെ എന്നെ ഹരാസ് ചെയ്തു. എത്ര ദിവസം മാനസിക പീഡനം അനുഭവിച്ചെന്നറിയാമോ? ഇവിടെ ഭിന്നശേഷിയുള്ള ഒരു കുഞ്ഞുണ്ട്. എന്നോട് വലിയ ഇഷ്ടമായിരുന്നു. ആ കുട്ടിക്ക് 24 മണിക്കൂറും ലൂസ് മോഷനായിരിക്കും. ആ കുഞ്ഞിന്റെ മൂത്രമൊഴിക്കുന്നതിന്റെ തൊട്ടുതാഴെ ചീപ്പ് കൊണ്ട് അടിച്ചു. സ്ന​ഗ്ഗി മാറ്റി തിരിച്ചു കൊണ്ടുവന്നപ്പോൾ കുഞ്ഞ് ഭയങ്കര കരച്ചിൽ. സംസാരിക്കാൻ കഴിയില്ല. എന്റെ അടുത്ത് വന്ന് കുഞ്ഞ് ഉടുപ്പ് പൊക്കി കാണിച്ചു. ചീപ്പിന്റെ പാടുണ്ടായിരുന്നു അവിടെ. ഞാനത് വിനീത മാഡത്തിനോട് പറഞ്ഞു. കുളിക്കാൻ പോകുന്ന സമയത്ത് കുഞ്ഞുങ്ങളുടെ ഉള്ളംകാലിൽ നുള്ളും. അവിടെ സിസിടിവി ഇല്ല. അതുകൊണ്ട് അവർക്ക് ഉപദ്രവിക്കാം. സിസിടിവി ഉണ്ടെങ്കിലും അവർക്കൊരു നാക്കുണ്ട്. 100 പേരുണ്ടെങ്കിൽ അതിൽ 50 പേരും ഇങ്ങനെ ചെയ്യുന്നവരാണ്.'  ഏഷ്യാനെറ്റ് ന്യൂസിനോട് മുന്‍ ആയ പങ്കുവെച്ച വിവരങ്ങളിങ്ങനെ. 

'ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്ന ആയമാർ എല്ലാവരും കുട്ടികളെ ഭയങ്കരമായി ഉപദ്രവിക്കുന്നവരാണ്. സിന്ധു എന്ന ആയയാണ് ഏറ്റവും കൂടുതൽ ഉപദ്രവിക്കുന്നത്. ഒരാൾ ചെയ്താൽ മറ്റുള്ളവർ അത് മറച്ചുവെയ്ക്കും. കണ്ട കാര്യം പറഞ്ഞപ്പോൾ എന്നെയാണ് അവരെല്ലാവരും പറഞ്ഞത്. അവിടെ നടക്കുന്ന കാര്യം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ലെന്ന് ഞാൻ വിനീത മാഡത്തോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ ശരീരം പരിശോധിക്കുന്ന രീതിയൊന്നും അവിടെയില്ല. ഇത് വാർത്തയായത് കൊണ്ട് മാത്രം ഇനി അവർക്ക് ജോലിയിൽ കയറാൻ പറ്റില്ല. അല്ലെങ്കില് അവർ തിരികെ കയറുമായിരുന്നു.' ആയയുടെ വാക്കുകള്‍

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരിട്ട് ക്രൂരതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് അറസ്റ്റിലായ ആയമാര്‍ പെരുമാറിയത് അതി ക്രൂരമായിട്ടാണ്. കിടക്കയിൽ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് പറയുന്നത് കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയിൽ വച്ചാണ്.

കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിർണ്ണായകമായത്.

സ്വകാര്യ ഭാഗത്തെ മുറിവുകൾ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ആയയാണ്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. ക്രൂരമായി മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ടെന്ന ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് തുടര്‍ നടപടി എടുത്തത്. സംഭവത്തിൽ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്ന് പേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ച വിവരം കുറ്റസമ്മത മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഇടതുരാഷ്ട്രീയ ബന്ധമുള്ള മൂന്നുപേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള വിശദാംശങ്ങള്‍ നൽകാൻ മ്യൂസിയം പൊലീസ് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios