പി സരിനെ ഇടത് പാളയത്തിലെത്തിക്കുമോ? സാധ്യതകള്‍ തള്ളാതെ നേതാക്കള്‍; ചര്‍ച്ചകള്‍ സജീവമാക്കി സിപിഎം

പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ മുൻനിര്‍ത്തി ഉപ തെരഞ്ഞെടുപ്പ് ചര്‍ച്ചകൾ സജീവമാക്കി സിപിഎം. പി സരിന്‍റെ കാര്യത്തിൽ കാത്തിരുന്ന് കാണാമെന്നായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം

Byelection 2024  Palakkad bypoll, P Sarin talked with cpm leaders discussion on ldf candidate in palakkad

പാലക്കാട്: പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ മുൻനിര്‍ത്തി ഉപ തെരഞ്ഞെടുപ്പ് ചര്‍ച്ചകൾ സജീവമാക്കി സിപിഎം. കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥിയെ പരസ്യമായി തള്ളിപ്പറഞ്ഞ പി സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ്  സൂചന. എല്ലാ രാഷ്ട്രീയ സാധ്യതകളും പയറ്റുമെന്ന് വ്യക്തമാക്കുന്ന സിപിഎം ചര്‍ച്ചക്കുള്ള സാധ്യതകളെല്ലാം തുറന്നിടുകയാണ്. വീണുകിട്ടയ അവസരം വിദ്യയാക്കാനുള്ള അടവുനയങ്ങളാണ് സിപിഎമ്മിന്‍റെ ആലോചനയിലുള്ളത്.

സോഷ്യൽമീഡിയ കൺവീനറെന്ന നിലയിൽ കോൺഗ്രസിന്‍റെ ഉള്ളുകള്ളികൾ എല്ലാമറിയുന്ന ആളെന്ന നിലയിലാണ് പി സരിനെ സിപിഎം കാണുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പാലക്കാട്ട് പുകയുന്ന അതൃപ്തിക്ക് പുറമെ പി സരിന്‍റെ വിമത സാന്നിധ്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാണ് ആലോചന അത്രയും.

ബിജെപി കട്ടക്ക് നിൽക്കുന്ന പാലക്കാട്ടെ ത്രികോണ മത്സരത്തിന് പി സരിനെ പാര്‍ട്ടി പിന്തുണക്കുമോ എന്ന ചോദ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും സാധ്യതകളെ തള്ളാതെയാണ് പ്രതികരിച്ചത്. അവര് എടുക്കേണ്ട തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം. എൽഡിഎഫിന് ജയിക്കാൻ പറ്റുന്ന എല്ലാ സാധ്യതകളെയും ഉപയോഗിക്കുമെന്നും ജനങ്ങള്‍ക്കിടയിൽ നല്ല സ്വീകാര്യതയുള്ളയാളായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും എകെ ബാലൻ പ്രതികരിച്ചു. 

കെ ബിനുമോളുടെ പേരാണ് പാലക്കാട്ടുള്ളതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആകാത്തത് സിപിഎമ്മിനും പി സരിനും ഒരുപോലെ രാഷ്ട്രീയ അടവുനയങ്ങൾക്കുള്ള സാധ്യതകൾ  തുറന്നിടുന്നതാണ്. കെ ബിനുമോൾക്ക് പുറമെ മറ്റു പേരുകൾ കൂടി പരിഗണിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിന് നേരത്തെ തന്നെ ഉണ്ട്.  

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ സിപിഎം രീതി കണ്ടുപഠിക്കണമെന്ന പി സരിന്‍റെ നിലപാടിലുമുണ്ട് വഴക്കത്തിന്‍റെ സൂചന. നാളെയും മറ്റന്നാളും നേതൃയോഗങ്ങൾ നടക്കുന്നതിനാൽ മുതിര്‍ന്ന നേതാക്കളെല്ലാം ദില്ലിയിലാണ്. ഇടത് സ്ഥാനാര്‍ത്ഥിത്വമോ വിമത സാന്നിധ്യത്തിന് സിപിഎമ്മിന്‍റെ പിന്തുണയോ ഡീലെന്തായാലും പാലക്കാട് ഉപതെരഞ്ഞെടപ്പിൽ നിര്‍ണ്ണായകമാകും.

കെ റെയിൽ പദ്ധതി വീണ്ടും ഉന്നയിച്ച് കേരളം; കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

 

Latest Videos
Follow Us:
Download App:
  • android
  • ios